ശഹാനിയയിലെ പാർക്കുകളിലൊന്ന്​

ശഹാനിയ വിളിക്കുന്നു, കൗതുകക്കാഴ്​ചകളിലേക്ക്​

ദോഹ: ഒട്ടകയോട്ടത്തിനും പ്രദർശനത്തിനും പേരുകേട്ട ശീഹാനിയ (ശഹാനിയ) വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നു. കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കിയതിനുശേഷം നിരവധി പേരാണ് ശഹാനിയ മുനിസിപ്പാലിറ്റിയിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തുന്നത്.2015ൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽനിന്ന്​ വേർപെട്ടാണ് ശഹാനിയ മുനിസിപ്പാലിറ്റി രൂപവത്​കരിക്കപ്പെട്ടത്. ബീച്ചുകൾ, പാർക്കുകൾ, പ്രകൃതിസംരക്ഷണ കേന്ദ്രങ്ങൾ തുടങ്ങി സഞ്ചാരികളുടെയും സന്ദർശകരുടെയും ഇഷ്​ടകേന്ദ്രങ്ങൾ ശഹാനിയ മുനിസിപ്പാലിറ്റി പരിധിയിലുണ്ട്. വാരാന്ത്യ ദിവസങ്ങളിലും അവധി ദിവസങ്ങളിലും നിരവധി സന്ദർശകരാണ് ഇവിടെ എത്തുന്നത്.

അന്തരീക്ഷ താപനില കുറഞ്ഞുവരുന്നതോടെ വരുംദിവസങ്ങളിൽ സഞ്ചാരികൾ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഡെസേർട്ട് ഗാർഡൻ, അൽ ശീഹാനിയ റിസർവ്, ഒട്ടകയോട്ട ട്രാക്ക്, പാർക്കുകൾ, ബീച്ചുകൾ, ഫാമുകൾ എന്നിവയെല്ലാം സന്ദർശകരുടെ മനംകവരുന്ന കേന്ദ്രങ്ങളാണ്.മരുഭൂമിയിൽ കാണുന്ന പ്രത്യേക മരത്തി‍െൻറ രൂപത്തിലാണ് ഡെസേർട്ട് ഗാർഡൻ സ്ഥാപിച്ചിരിക്കുന്നത്. നിരവധി അപൂർവ മരങ്ങളും ഖത്തരി പരിസ്ഥിതിയിൽ വസിക്കുന്ന മൃഗങ്ങളും ഇവിടെയുണ്ട്.അറേബ്യൻ ഒറിക്സ്​, ഗാസെൽസ്​ തുടങ്ങി എട്ടോളം അപൂർവയിനം ജീവികളും സന്ദർശകരെ ഇങ്ങോട്ടാകർഷിക്കുന്നു. അൽ സമർ, അൽ സിദ്റ, അൽ അവസാജ്, അൽ ഖുർത് തുടങ്ങി 62 ഇനം മരങ്ങളും 13,084 ചതുരശ്ര മീറ്റർ ഹരിതമേഖല ഉൾപ്പെടുന്ന ഈ ഗാർഡനിലുണ്ട്.

ശഹാനിയയിലെ കാമൽ റേസ്​ ട്രാക്കാണ് മറ്റൊരു പ്രത്യേകത. അറബ് സംസ്​കാരത്തി‍െൻറയും പൈതൃകത്തി‍െൻറയും അവിഭാജ്യഘടകമായ ഒട്ടകത്തെ കാണാനും പരിചയപ്പെടാനും നിരവധി പേർ പ്രത്യേകിച്ച് പ്രവാസികൾ ഇവിടെ എത്തുന്നു. ജി.സി.സിയിലും ലോകത്തെയും ഏറ്റവും വലിയ കാമൽ റേസ്​ ട്രാക്കാണ് ശഹാനിയയിലേത്. ശഹാനിയയിലെ നാലാമത് പ്രാദേശിക ഒട്ടകയോട്ട മത്സരങ്ങൾക്ക് ഒക്ടോബർ 21ന് തുടക്കമാകുമെന്ന് സംഘാടകർ അറിയിച്ചു.അൽ ശീഹാനിയ റിസർവ്, മൂന്നു പതിറ്റാണ്ട് പഴക്കമുള്ള അൽ ദോസരി സൂ എന്നിവയും ശഹാനിയയിലെ പ്രധാന ആകർഷണങ്ങളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.