ഹ​മ​ദ്​ തു​റ​മു​ഖം

തുറമുഖങ്ങളിൽ ഈ വർഷമെത്തിയത് ഏഴ് ലക്ഷം ടി.ഇ.യു ഷിപ്മെന്‍റ്

ദോഹ: ഈ വർഷം ആദ്യ പകുതിയിൽ ഖത്തറിലെ തുറമുഖങ്ങളിൽ ഏഴ് ലക്ഷം ടി.ഇ.യു (ട്വൻറി-ഫൂട്ട് ഇക്വാലൻറ് യൂനിറ്റ്) കൈകാര്യം ചെയ്തതായി മവാനി ഖത്തർ അറിയിച്ചു. ഖത്തറിന്‍റെ ലോകത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ഹമദ് തുറമുഖം രണ്ട് ലക്ഷം ടി.ഇ.യു ട്രാൻഷിപ്പ്മെൻറ് കൈകാര്യം ചെയ്തതായും മവാനി ഖത്തർ വ്യക്തമാക്കി.

ഈ വർഷം ആദ്യപകുതിയിൽ ഖത്തറിലെ തുറമുഖങ്ങളിൽ ഏഴു ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്തതായും അതിൽ ഹമദ് തുറമുഖത്ത് മാത്രം രണ്ട് ലക്ഷം ടി.ഇ.യു ട്രാൻസ്ഷിപ്പ്മെൻറ് കൈകാര്യം ചെയ്തതായും മവാനി ഖത്തർ ട്വീറ്റ് ചെയ്തു. ഇതിനുപുറമേ, 850000 ടൺ ജനറൽ കാർഗോയും 260000 ടൺ ബിൽഡിങ് മെറ്റീരിയൽസും ഇതിലുൾപ്പെടുമെന്നും മവാനി ഖത്തർ വ്യക്തമാക്കി.

ഈ വർഷം ജനുവരി മുതൽ ജൂൺവരെ ഹമദ് തുറമുഖം, ദോഹ തുറമുഖം, റുവൈസ് തുറമുഖം എന്നിവിടങ്ങളിലായി 38063 വാഹനങ്ങൾ, 99268 കാലികൾ എന്നിവയും കൈകാര്യം ചെയ്തതായും ഇതേ കാലയളവിൽ 1392 കപ്പലുകൾ തുറമുഖത്തെത്തിയതായും മവാനി ഖത്തർ പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ഹമദ് തുറമുഖത്തിലെ രണ്ടാമത്തെ കണ്ടെയ്നർ ടെർമിനൽ കൂടി പ്രവർത്തനസജ്ജമായതോടെ മിഡിലീസ്റ്റ് വാണിജ്യത്തിൽ ഖത്തറിന്‍റെ ഓഹരി ഗണ്യമായ തോതിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ടെയ്നർ ടെർമിനൽ രണ്ടിന്‍റെ ഒന്നാംഘട്ടവും രണ്ടാംഘട്ടവും ഈയടുത്ത് പ്രവർത്തനമാരംഭിച്ചിരുന്നു.

മവാനി ഖത്തറിന്‍റെ കഴിഞ്ഞ വർഷത്തെ റിപ്പോർട്ടുകൾ പ്രകാരം 2020നേക്കാൾ ഒമ്പത് ശതമാനം അധികം (1.57 ദശലക്ഷം ടി.ഇ.യു) കണ്ടെയ്നറുകളാണ് ഖത്തറിലെ തുറമുഖങ്ങളിൽ കൈകാര്യം ചെയ്തിരിക്കുന്നത്. ട്രാൻസ്ഷിപ്പ്മെൻറിൽ 2021ൽ 36 ശതമാനം വർധനയും (562539 ടി.ഇ.യു) ഇക്കാലയളവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഖത്തറിന്‍റെ വടക്കേ അറ്റത്തുള്ള റുവൈസ് തുറമുഖത്തിലെ കാർഗോ നീക്കത്തിലുണ്ടായ വർധന ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് മവാനി ഖത്തർ ഈയിടെ വ്യക്തമാക്കിയിരുന്നു.

2018 മുതൽ 2021 വരെയുള്ള മൂന്ന് വർഷങ്ങളിലായി കണ്ടെയ്നർ നീക്കത്തിൽ 72 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഗതാഗത മന്ത്രാലയത്തിന്‍റെയും മവാനി ഖത്തറിന്‍റെയും സംയുക്ത സഹകരണത്തോടെ റുവൈസ് തുറമുഖത്തിന്‍റെ രണ്ടാംഘട്ട വിപുലീകരണം പുരോഗമിക്കുകയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.