യു.എൻ ജനറൽ അസംബ്ലി സെഷനിൽ ഖത്തർ പ്രതിനിധി
അഹമ്മദ് അബ്ദുല്ല അൽ ഉബൈദലി സംസാരിക്കുന്നു
ദോഹ: ഭാവിതലമുറയുടെ സുരക്ഷയും ഭൂമിയുടെ സംരക്ഷണവും നിലനിർത്താൻ എല്ലാത്തരം കൂട്ട നശീകരണ ആയുധങ്ങളുടെയും നിരോധനം അനിവാര്യമാണെന്ന് ഖത്തർ. ഖത്തർ പ്രതിനിധി അഹമ്മദ് അബ്ദുല്ല അൽ ഉബൈദലിയാണ് യു.എൻ ജനറൽ അസംബ്ലി സെഷനിൽ പങ്കെടുത്ത പ്രസ്താവന നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കൺവെൻഷനുകളുടെ തീരുമാനങ്ങളും പ്രമേയങ്ങളും പൂർണമായും നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആണവ, രാസ ആയുധങ്ങൾ ഉൾപ്പെടെയുള്ള കൂട്ട നശീകരണ ആയുധങ്ങളുടെ ഉപയോഗം രാജ്യങ്ങളുടെ നിലനിൽപ്പിനും ജനങ്ങളുടെ സുരക്ഷക്കും ഭീഷണിയാണ്. ജീവിക്കാനുള്ള അവകാശം ഉൾപ്പെടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നു. ആയുധങ്ങളുടെ വിതരണവും സർക്കാറിതര സംഘടനകൾക്ക് ഇത് ലഭിക്കുന്നതും അപകടസാധ്യത വർധിക്കുന്നതിനിടയാക്കുന്നു.
അന്താരാഷ്ട്ര ഉടമ്പടികൾക്കനുസൃതമായി കൂട്ട നശീകരണ ആയുധങ്ങളുമായി ബന്ധപ്പെട്ട ദേശീയ നിയമനിർമാണങ്ങൾ ഖത്തർ തുടർച്ചയായി വികസിപ്പിക്കുകയും പരിഷ്കരിക്കുകയും ചെയ്യുന്നുണ്ട്. രാസായുധ നിരോധന സംഘടനയുമായി (ഒ.പി.സി.ഡബ്ല്യൂ)വുമായി ഖത്തർ അടുത്ത സഹകരണം പുലർത്തുന്നുണ്ട്.
രാസവ്യവസായ പ്രതിനിധികളുടെയും രാസായുധ കൺവെൻഷനിലെ സംസ്ഥാന കക്ഷികളുടെ ദേശീയ അധികാരികളുടെയും 12ാമത് വാർഷിക യോഗം ഒക്ടോബർ 21 മുതൽ 24 വരെ ദോഹയിൽ ഖത്തർ ആതിഥേയത്വം വഹിക്കുന്നുണ്ടെന്നും, രാസ വ്യവസായവും ദേശീയ അധികാരികളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൺവെൻഷന്റെ പൂർണവും ഫലപ്രദവുമായ നടത്തിപ്പിനെ പിന്തുണക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബർ 21 മുതൽ 24 വരെ ദോഹയിൽ നടന്ന രാസായുധ കൺവെൻഷൻ 12ാമത് വാർഷിക യോഗത്തിന് ഖത്തർ ആതിഥേയത്വം വഹിച്ചു. സിറിയയിലെ അവശേഷിക്കുന്ന രാസായുധങ്ങൾ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒ.പി.സി.ഡബ്ല്യുവിന്റെ എക്സിക്യൂട്ടിവ് കൗൺസിൽ സെഷന്റെ പ്രമേയത്തെ ഖത്തർ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.