സമ കാബിൻ ക്രൂ
ദോഹ: ലോകത്തിന്റെ യാത്രാ, വിനോദസഞ്ചാര വിശേഷങ്ങളുമായി ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എ.ടി.എം) ശ്രദ്ധേയമായി ഖത്തർ എയർവേസ്. ഖത്തറിന്റെ സാംസ്കാരിക വൈവിധ്യം മുതൽ അറബിയിൽ ഉത്തരം നൽകുന്ന ‘സമ’ കാബിൻ ക്രൂവും, ഹമദ് വിമാനത്താവളത്തിലെ പ്രശസ്തമായ ഓർചാഡ് ക്യൂവേഴ്സും ഉൾപ്പെടെ അനുഭവിച്ചറിഞ്ഞ് യാത്രചെയ്യാൻ അവസരം ഒരുക്കുകയാണ് ഖത്തർ എയർവേസ് പവലിയൻ. മേയ് ഒന്ന് വരെ നീണ്ടുനിൽക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രമുഖ ട്രാവൽ മാർക്കറ്റിൽ ഉദ്ഘാടന ദിവസത്തിൽ സംഘടിപ്പിച്ച പ്രദർശനം ഇതിനകംതന്നെ വാർത്തകളിൽ ഇടം നേടിക്കഴിഞ്ഞു.
ലോകത്തിലെ ആദ്യത്തെ നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഡിജിറ്റൽ ഹ്യൂമൻ കാബിൻ ക്രൂ ആയ സമ തന്നെയായിരുന്നു ഖത്തർ എയർവേസ് പ്രദർശനത്തിന്റെ ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ വർഷം ഇംഗ്ലീഷിലെ ആശയ വിനിമയവുമായി പുറത്തിറങ്ങിയ ‘സമ’ ഇപ്പോൾ അറബിയിലും പറഞ്ഞുതുടങ്ങി. അറബി മനസ്സിലാക്കാനും സുഗമമായി പ്രതികരിക്കാനും സാധിക്കുന്നതോടെ, അറബ്മേഖലയിലെ യാത്രക്കാർക്ക് അനായാസമായി സമയുമായി സംസാരിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. പ്രദർശനത്തിനെത്തിയ സന്ദർശകരുടെ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ‘സമ’ യഥാസമയം മറുപടി നൽകി. ടിക്കറ്റ് ബുക്കിങ്, ഡെസ്റ്റിനേഷൻ തുടങ്ങിയവയിൽ സന്ദർശകരെ സഹായിക്കുന്ന സമ, ഖത്തർ എയർവേസിന്റെ ഉൽപന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകുകയും ചെയ്തു.
‘സമ’ അറബി പതിപ്പ് ഇപ്പോൾ ഖത്തർ എയർവേസിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. നിരവധി അവാർഡുകൾ നേടിയ മൊബൈൽ ആപ്ലിക്കേഷനും മികച്ച വെബ് അനുഭവം നൽകുന്ന ക്യുവെർസും അതിലുൾപ്പെടുന്നു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഐക്കണിക് ഇൻഡോർ ഗാർഡന്റെ ഹൈപ്പർ റിയലിസ്റ്റിക് വെർച്വൽ വിനോദത്തോടെയാണ് ക്യുവെർസിലെ ഓർചാർഡ് എ.ടി.എം 2025ൽ അരങ്ങേറ്റം കുറിച്ചത്. പവലിയനിലെത്തിയ സന്ദർശകർ ഇതുപയോഗിച്ച് മരങ്ങൾക്കിടയിലൂടെ നടക്കുകയും വിശ്രമത്തിന് ശാന്തമായ ഇടം കണ്ടെത്തുകയും ചെയ്തു. ബിസിനസ് ക്ലാസിൽ അവാർഡുകൾ വാരിക്കൂട്ടിയ ക്യൂസൂട്ടിന്റെ ഏറ്റവും പുതിയ രൂപമായ ക്യൂസൂട്ട് നെക്സ്റ്റ് ജെൻ എ.ടി.എമ്മിൽ പ്രദർശിപ്പിച്ചു.
എയർലൈനിന്റെ മൾട്ടി സെൻസറി പോഡാണ് ഇതിന്റെ സവിശേഷത. പ്രദേശത്തിന്റെ ചൈതന്യവും വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന പുതിയ നവീകരണ പ്രവർത്തനങ്ങളുമായി എ.ടി.എമ്മിലേക്ക് ഖത്തർ എയർവേസ് മടങ്ങിയെത്തിയിരിക്കുകയാണെന്നും ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും ഖത്തർ എയർവേസ് സി.ഇ.ഒ എൻജി.ബദ്ർ മുഹമ്മദ് അൽ മീർ പറഞ്ഞു. വ്യോമ മേഖലയിലെ ആദ്യ എ.ഐ പവേർഡ് ക്യാബിൻ ക്രൂ ആയ സമ, വിർച്വൽ റിയാലിറ്റിയുടെ സഹായത്തോടെയുള്ള ഓർച്ചാർഡ്, ക്യുസൂട്ട് നെക്സ്റ്റ് ജെൻ, മൾട്ടി സെൻസറി പോഡ് എന്നിവയെല്ലാം ഡിജിറ്റൽ രംഗത്ത് തരംഗം സൃഷ്ടിക്കുന്നതോടൊപ്പംതന്നെ മാനുഷികമായ ഒരു യാത്രാ ഭാവിയെ ഖത്തർ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിന്റെ പ്രതിഫലനമാണെന്നും അൽ മീർ കൂട്ടിച്ചേർത്തു.
എ.ടി.എം ദുബൈ 2025ന്റെ ഭാഗമായി വിസിറ്റ് മാലദ്വീപ്, ഇന്തോനേഷ്യയുടെ ടൂറിസം മന്ത്രാലയം എന്നിവയുമായി പുതിയ ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു. ഏപ്രിൽ 28ന് ആരംഭിച്ച എ.ടി.എം ദുബൈ 2025 മേയ് ഒന്നുവരെ തുടരും. ദുബൈ വേൾഡ് ട്രേഡ് സെന്ററിലെ 3-4 ഹാളുകൾക്കിടയിലുള്ള എം.ഇ 1420 സ്റ്റാൻഡിലാണ് ഖത്തർ എയർവേസ് പവലിയൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.