ദോഹ: ലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിതയെന്ന റെക്കോഡ് കുറിച്ച് കണ്ണൂർ വേങ്ങാട് സ്വദേശിനി സഫ്രീന അബ്ദുല്ലത്തീഫ് ഖത്തറിൽ തിരികെയെത്തി. 25 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായ ഇവർ, മേയ് 18നായിരുന്നു 8848 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റിനെ കാൽകീഴിലാക്കി ചരിത്രം കുറിച്ചത്.
ചൊവ്വാഴ്ചയോടെ എവറസ്റ്റ് ബേസ് ക്യാമ്പിൽനിന്ന് ഹെലികോപ്റ്റർ വഴി ലുക്ലയിലേക്കും ശേഷം കാഠ്മണ്ഡുവിലുമെത്തിയശേഷം രണ്ടുദിവസം വിശ്രമിച്ചാണ് ഖത്തറിലേക്ക് തിരികെ പറന്നത്. ഭർത്താവും ഹമദ് മെഡിക്കൽ കോർപറേഷനിൽ സർജനുമായ ഡോ. ഷമീൽ മുസ്തഫക്കൊപ്പം വെള്ളിയാഴ്ച രാത്രിയോടെ ഖത്തറിലെത്തി.
മരണം പതിയിരിക്കുന്ന മഞ്ഞുപാതകളിലൂടെ, അസാമാന്യ മനസ്സാന്നിധ്യവും ശാരീരിക ക്ഷമതയും കരുത്താക്കിയായിരുന്നു സഫ്രീന ലത്തീഫിന്റെ എവറസ്റ്റിലേക്കുള യാത്ര. കിളിമഞ്ചാരോ കൊടുമുടിയും അർജന്റീനയിലെ അക്വൻകാഗ്വോയും റഷ്യയിലെ മൗണ്ട് എൽബ്രസും കീഴടക്കിയ ആത്മവിശ്വാസവുമായി എവറസ്റ്റിലേക്ക് പുറപ്പെട്ട മലയാളി വനിത, ആദ്യ ശ്രമത്തിൽതന്നെ ലോകത്തെ ഏറ്റവും വലിയ ഉയരം കാൽകീഴിലാക്കിയതിന്റെ സന്തോഷത്തിലാണ് പ്രവാസമണ്ണിൽ തിരികെയെത്തുന്നത്.
ഏപ്രിൽ 12നായിരുന്നു സഫ്രീന ദോഹയിൽനിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ടത്. അവിടെനിന്ന് ലുക്ലയിലേക്കും ശേഷം ദിവസങ്ങൾ നീണ്ട മലകയറ്റത്തിനൊടുവിൽ ഏപ്രിൽ 19ഓടെ ബേസ് ക്യാമ്പിലുമെത്തി. ദിവസങ്ങളോളം അവിടെ പരിശീലനവും അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയാക്കിയശേഷം, മേയ് 14നാണ് എവറസ്റ്റിലേക്കുള്ള യാത്ര ആരംഭിച്ചത്.
ഡെത്ത് സോൺ ഉൾപ്പെടെ മരണം പതിയിരിക്കുന്ന പാതകൾ താണ്ടിയ യാത്രയുടെ അനുഭവങ്ങൾ അവർ ‘ഗൾഫ് മാധ്യമ’വുമായി പങ്കുവെച്ചു. എവറസ്റ്റിന് മുകളിൽ 40 മിനിറ്റോളം സമയം ചെലവഴിച്ച് മടക്കയാത്രക്കിടെ വിരലുകൾ മരവിച്ചുപോകുന്ന ഫ്രോസ്റ്റ് ബൈറ്റും കൊടുമഞ്ഞിൽ കാഴ്ച നഷ്ടമാവുന്ന ‘സ്നോ ബ്ലൈൻഡും സഫ്രീനക്കും വില്ലനായി.
ഇടതുകൈയുടെ ചെറുവിരൽ ഉൾപ്പെടെ ‘ഫ്രോസ്റ്റ് ബൈറ്റും ഭാഗിക കാഴ്ചാപ്രശ്നങ്ങളും നേരിട്ടിരുന്നു. ഇതിന്റെ ചികിത്സയും കഴിഞ്ഞാണ് ഖത്തറിലെത്തിയത്. ‘ഗൾഫ് മാധ്യമം’ ദോഹ ഓഫിസിലെത്തിയ സഫ്രീനയെയും ഭർത്താവ് ഡോ. ഷമീൽ മുസ്തഫയെയും റീജനൽ മാനേജർ ഹാരിസ് വള്ളിൽ ഉപഹാരം നൽകി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.