സുരക്ഷിതമായ ടൂറിസം അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവത്കരണ വർക്ക്ഷോപ്പിൽനിന്ന്
ദോഹ: സുരക്ഷിതമായ ടൂറിസം അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തർ ടൂറിസം, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ചേർന്ന് ടൂർ ഗൈഡുകൾ, ട്രാവൽ ഏജൻസികൾ, ടൂർ ഓപറേറ്റർമാർ എന്നിവർക്കായി റോഡ് സുരക്ഷ ബോധവത്കരണ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ടൂറുകൾ സംഘടിപ്പിക്കുമ്പോൾ പാലിക്കേണ്ട നിയമ-സുരക്ഷ നടപടികളെ സംബന്ധിച്ച അവബോധം വർധിപ്പിക്കുകയാണ് വർക്ക്ഷോപ്പിന്റെ ലക്ഷ്യം. ഇതിലൂടെ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും സുരക്ഷിത യാത്ര ഉറപ്പാക്കുന്നു.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും വിദഗ്ധരുമായി ഇന്ററാക്ടിവ് സെഷനും ഓപൺ ഡിസ്കഷനും പരിപാടിയിൽ ഉൾപ്പെട്ടിരുന്നു. ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകരെ കൊണ്ടുപോകുമ്പോൾ നിർബന്ധമായി പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നൽകി. അപകടങ്ങൾക്ക് കാരണമാകുന്ന പൊതുവായ ചില ട്രാഫിക് നിയമലംഘനങ്ങളെയും സെഷനിൽ ചൂണ്ടിക്കാട്ടി.
സന്ദർശകരുടെ സുരക്ഷക്ക് ഖത്തർ ടൂറിസം വലിയ പ്രാധാന്യം നൽകിയിട്ടുണ്ടെന്നും മേഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്താൻ ടൂർ ഗൈഡുകൾ, ഓപറേറ്റർമാർ തുടങ്ങിയവർ കാര്യക്ഷമമായ തയാറെടുപ്പുകൾ നടത്തുന്നുണ്ടെന്നും ഖത്തർ ടൂറിസം ലൈസൻസിങ് ഡയറക്ടറായ ഫഹദ് ഹസൻ അൽ അബ്ദുൽമാലിക് പറഞ്ഞു. ഇതിന് അനുബന്ധമായാണ് ഇത്തരം വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടൂറിസം മേഖലയുടെ സുരക്ഷ വർധിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ബോധവത്കരണ പരിപാടികളെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റിലെ മീഡിയ ആൻഡ് ട്രാഫിക് അവയർനസ് വിഭാഗം ഡയറക്ടർ ജാസിം നാസർ അൽ ഹമിദി പറഞ്ഞു. സെമിനാറുകൾ, ക്ലാസുകൾ, സന്ദേശങ്ങൾ തുടങ്ങി വിവിധ മാർഗങ്ങളിലൂടെ ഇത് നടപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.