ദോഹ: അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപക്കുണ്ടായ വിലയിടിവിൽ ഖത്തർ റിയാലിന് നേട്ടം. കറൻസികളുടെ നിരക്കുകൾ കാണിക്കുന്ന അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ-കറൻസി കൺവെർട്ടർ ഇന്നലെ ഒരു ഖത്തർ റിയാലിന് 24.7 ഇന്ത്യൻ രൂപക്ക് രൂപയിലധികമാണ് കാണിച്ചത്.
ഖത്തറിലെ ചില സാമ്പത്തിക വിനിമയ സ്ഥാപനങ്ങൾ 24.6 രൂപ വരെ ഒരു ഖത്തറി റിയാലിന് നൽകുന്നുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നത് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഏറെ ആഹ്ലാദം നൽകുന്നതാണ്. നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതൽ മൂല്യം കിട്ടുന്നു എന്നതാണ് കാരണം. പക്ഷേ, കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കായി വിദേശ നാണയത്തിൽ ലോൺ എടുത്ത പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഇതൊരു ബാധ്യതയായി മാറുമെന്ന് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. കുവൈത്ത്, യു.എ.ഇ, സൗദി, ഒമാൻ, ബഹ്റൈൻ കറൻസികൾ ഉയർന്ന വിനിമയ നിരക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച ഫോറക്സ് മാർക്കറ്റിൽ യു.എസ് ഡോളറുമായി ഇന്ത്യൻ രൂപയുടെ വിനിമയം 89.87 രൂപയിൽ അവസാനിച്ചു. 89.54 എന്ന നിരക്കിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ വ്യാപാരത്തിന്റെ തുടക്കത്തിൽതന്നെ ഇത് 89.70 ൽ എത്തി. ഇൻട്രാഡേയിൽ 90 തൊടുമെന്ന നിലയിലെത്തിയിരുന്നു. 89.95 വരെ വ്യാപാരം തുടർന്ന ശേഷം നിരക്ക് താഴേക്കിറങ്ങി. വ്യാപാരം അവസാനിക്കുമ്പോൾ 89.87 ആണ് രൂപയുടെ മൂല്യം. അതായത്, തിങ്കളാഴ്ചത്തെയും ചൊവ്വാഴ്ചത്തെയും വിനിമയത്തിൽ 33 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.