ദോഹ: ഇന്ത്യയിലെ യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരതുമായി ചേർന്ന് ഖത്തറിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച വികസിത് ഭാരത് റൺ -25 ശ്രദ്ധേയമായി. ലോകമെമ്പാടും 150ലധികം സ്ഥലങ്ങളിൽ നടന്ന വികസിത് ഭാരത് റൺ, സേവനം, ആരോഗ്യം, സുസ്ഥിരത എന്നിവ ഉയർത്തിപ്പിടിച്ചുള്ള ഒരു ആഗോള ആഘോഷമായിരുന്നു.
ദോഹയിൽ സംഘടിപ്പിച്ച വികസിത് ഭാരത് റണ്ണിൽനിന്ന്
ദോഹയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികളും പ്രഫഷനലുകളും ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികൾ ആവേശത്തോടെ പങ്കെടുത്തു. സേവാ പഖ്വാഡയുടെ (സെപ്റ്റംബർ 17 -ഒക്ടോബർ 2 വരെ) ഭാഗമായാണ് വികസിത് ഭാരത് റൺ നടന്നത്. അടിസ്ഥാന സൗകര്യങ്ങൾ, ഹെൽത്ത് കെയർ, സാങ്കേതികവിദ്യ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു പരിപാടി.
‘റൺ ടു സേവ് ദ നേഷൻ’ എന്ന പ്രമേയത്തിൽ ദോഹയിൽ സംഘടിപ്പിച്ച പരിപാടിയിൽ 1 കി.മീ, 2 കി.മീ, 6 കി.മീ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഇന്ത്യ പ്രവാസികൾ പങ്കെടുത്തു. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുന്നതിനുള്ള യാത്രയിൽ പങ്കാളിയാകാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് പരിപാടിയിൽ പങ്കെടുത്തവർ വികസിത ഭാരത്, ആത്മനിർഭർ ഭാരത് പ്രതിജ്ഞയും പുതുക്കി.
ഏകദേശം 500 പേർ പങ്കെടുത്ത പരിപാടിയിൽ 100ലധികം വളന്റിയർമാർ, കമ്യൂണിറ്റി സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായി.ഐക്യം, പ്രതിരോധം, കൂട്ടായ ഉത്തരവാദിത്തം എന്നീ സന്ദേശങ്ങൾ നൽകുന്നതിനൊപ്പം, ഇന്ത്യയുടെ സാംസ്കാരികവും വികസനപരവുമായ മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു.ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിനും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യയുടെയും ഖത്തറിന്റെയും വികസനത്തിനായി പ്രവർത്തിക്കുന്നതിനുമുള്ള ഇന്ത്യൻ യുവാക്കളുടെ പ്രതിബദ്ധതയും വികസിത് ഭാരത് റൺ പ്രകടമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.