ദോഹ: മേഖലയിലെ സംഘർഷ സാഹചര്യങ്ങളും വിമാന സർവിസുകൾ സാധാരണനിലയിൽ പുനഃരാരംഭിക്കുകയും ചെയ്യാത്ത സാഹചര്യത്തിൽ ഹയ്യ വിസ കാലാവധി ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു. നിലവിൽ മേയ് ഏഴുവരെ അവസാനിക്കുന്നവരുടെ ഹയ്യ വിസ കാലാവധിയാണ് 30 ദിവസത്തേക്ക് കൂടി നീട്ടി നൽകിയത്. ഇതോടെ ഖത്തറിലുള്ള ആയിരക്കണക്കിന് സന്ദർശകർക്ക് ജൂൺ ആദ്യവാരം വരെ രാജ്യത്ത് തുടരാനാക്കും. നിലവിൽ കാലാവധി തീരുന്നതിന്റെ ഒരു ആഴ്ച മുന്നേയാണ് ഹയ്യ വിസ, അംഗീകൃത ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ ഓട്ടോമറ്റിക്കലായി പുതുക്കുന്നത്.
നേരത്തെ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം വ്യോമാതിർത്തികൾ ഭാഗികമായി അടച്ചതും വിമാന സർവിസുകൾ കൂട്ടത്തോടെ റദ്ദാക്കിയതും സന്ദർശകരെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് അധികൃതർ മാർച്ച് ആദ്യത്തിൽ ഓട്ടോമാറ്റിക് വിസ പുതുക്കൽ സംവിധാനം നടപ്പാക്കിയത്. സംഘർഷ പശ്ചാത്തലത്തിൽ ഇത് മൂന്നാം തവണയാണ് വിസ അവസാനിക്കുന്നവരുടെ കാലാവധി നീട്ടുന്നത്. ഇതിനായി പ്രത്യേക ഫീസുകൾ ഈടാക്കുന്നതല്ല.വിമാന സർവിസുകൾ റദ്ദാക്കിയതുമൂലം ടിക്കറ്റ് നിരക്ക് കുത്തനെ വർധിച്ചതും വിമാനങ്ങളുടെ ലഭ്യതക്കുറവും കാരണം നാട്ടിലേക്ക് മടങ്ങാൻ പ്രയാസപ്പെട്ടിരുന്ന സന്ദർശകർക്ക് ഇത് വലിയ ആശ്വാസമാണ്. പ്രത്യേകിച്ചും സന്ദർശക വിസയിൽ കുടുംബത്തോടൊപ്പം കഴിയുന്നവർക്ക് പെട്ടെന്നുണ്ടായ യാത്രാ തടസ്സങ്ങൾ മറികടക്കാൻ ഈ അധികസമയം സഹായകമാകും. ഹയ്യ വിസ കാലാവധി സംബന്ധിച്ച വിവരങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ പാസ്പോർട്ട് നമ്പർ, അല്ലെങ്കിൽ വിസ നമ്പർ നൽകി പരിശോധിക്കാവുന്നതാണ്. വിമാന സർവിസുകൾ പൂർണ്ണമായും സാധാരണ നിലയിലാകുന്നത് വരെ സന്ദർശകരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുക, അവശ്യമായ സഹായം നൽകുക എന്നിവയാണ് അധികൃതർ ലക്ഷ്യമിടുന്നത്.
അതേസമയം, നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ദോഹയിലേക്കും തിരിച്ചും ഇന്ത്യയിൽനിന്നുള്ള വിദേശ എയർലൈൻ കമ്പനികൾ കഴിഞ്ഞദിവസം മുതൽ സർവിസകൾ ആരംഭിച്ചിട്ടുണ്ട്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ വിമാനക്കമ്പനികളാണ് സർവിസുകൾ പുനഃരാരംഭിച്ചത്. കൂടുതൽ എയർലൈൻസുകൾ കൂടി സർവിസ് നടത്തുന്നതോടെ, ടിക്കറ്റ് നിരക്കിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. ഇതോടൊപ്പം, അവധിക്കാലം കൂടി എത്തുന്നതോടെ കുടുംബസമേതം യാത്രക്കൊരുങ്ങുന്ന പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.