ഖത്തറിന്റെ സാംസ്ക്കാരിക പൈതൃകവും അതിന്റെ മഹത്വവും ലോകത്തിന് മുന്നിൽ അഭിമാനത്തോടെ വിളിച്ചോതിയതായിരുന്നു 2022 ഫിഫ ലോകകപ്പ്. 2013-ൽ ജോലി ആവശ്യാർത്ഥം യു.എ.ഇയിൽ നിന്ന് ഖത്തറിലേക്ക് എത്തിയപ്പോൾ, ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു മഹാ കായിക മാമാങ്കമായ ലോകകപ്പിന്റെ ഭാഗമാകാൻ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ കാലം എനിക്ക് സമ്മാനിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത, മനസ്സിൽ എന്നും കുളിർമ പകരുന്ന അനുഭവങ്ങളായിരുന്നു.
2022 ഫിഫ ലോകകപ്പിൽ വളണ്ടിയറായി പ്രവർത്തിക്കാൻ ലഭിച്ച അവസരം അഭിമാനത്തോടെയാണ് ഞാൻ ഏറ്റെടുത്തത്. 974 സ്റ്റേഡിയത്തിലും തുമാമ സ്റ്റേഡിയത്തിലുമായിരുന്നു എന്റെ വർക്ക്‌ഫോഴ്‌സ് വളണ്ടിയർ ഡ്യൂട്ടി. ഔദ്യോഗിക ജോലിയും വളണ്ടിയർ സേവനവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞത് വലിയൊരു അനുഭവമായി. പല ദിവസങ്ങളിലും ഓഫിസിലെ ജോലി കഴിഞ്ഞ് നേരെ സ്റ്റേഡിയത്തിലേക്കായിരുന്നു യാത്ര; അതും മെട്രോയിൽ. ലോകകപ്പ് ആവേശത്തിൽ മുഴുകിയിരുന്ന ആരാധകരോടൊപ്പമുള്ള ഓരോ മെട്രോ യാത്രയും വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ വോളണ്ടിയർമാരെ പരിചയപ്പെടാനും അവരുടെ ആവേശവും ആത്മാർത്ഥതയും നേരിട്ട് അനുഭവിക്കാനും ആ ദിനങ്ങൾ അവസരം നൽകി.
ഡ്യൂട്ടി കഴിഞ്ഞ് സഹ വളണ്ടിയർമാർക്കൊപ്പം മത്സരങ്ങൾ കാണാൻ പോയതും കുടുംബത്തോടൊപ്പം എട്ട് മത്സരങ്ങളിലധികം നേരിട്ട് ആസ്വദിച്ചതുമെല്ലാം ഇന്നലെ നടന്നതുപോലെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
ലോകകപ്പിന്റെ ആവേശം ഓഫിസിലും എത്തിക്കാൻ കഴിഞ്ഞത് മറ്റൊരു സന്തോഷകരമായ ഓർമയാണ്. ഓഫിസിൽ ലോകകപ്പ് അലങ്കാരങ്ങൾ ഒരുക്കുകയും പ്രവചന മത്സരം സംഘടിപ്പിക്കുകയും ചെയ്തതിലൂടെ ആ ആഘോഷത്തിന്റെ ഭാഗമാകാൻ സാധിച്ചു. 2022 നവംബർ 18 മുതൽ ഡിസംബർ 18 വരെയുള്ള ആ ഒരു മാസക്കാലം എന്റെ എന്ന പോലെ ഖത്തറിലെ ഓരോ നിവാസിയുടെയും ഹൃദയത്തിൽ പതിഞ്ഞ ഒരു ചരിത്രകാലഘട്ടമായിരുന്നു.
ഫിഫ ഫാൻ ഫെസ്റ്റിവൽ, മെട്രോ സ്റ്റേഷനുകൾ, സൂഖ് വാഖിഫ് എന്നിവിടങ്ങളിലെല്ലാം ലോകകപ്പ് ആവേശം നിറഞ്ഞുനിന്നിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ ആളുകളെ ഒരേ കുടക്കീഴിൽ കൂട്ടിച്ചേർത്ത ആ അന്തരീക്ഷം ഖത്തറിന്റെ അതിഥി സൽക്കാരത്തിന്റെയും മികച്ച സംഘാടനശേഷിയുടെയും ഉദാത്ത ഉദാഹരണമായിരുന്നു. വളണ്ടിയർ സേവനത്തിനുള്ള അംഗീകാരമായി ഖത്തർ അമീറിന്റെ ഒപ്പോടുകൂടിയ സർട്ടിഫിക്കറ്റ് ലഭിച്ചത് ജീവിതത്തിലെ മറ്റൊരു അമൂല്യ ഓർമയായി നിധി പോലെ കാത്തു സൂക്ഷിക്കുന്നു. 2022 എന്ന വർഷത്തെ എന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു അനുഭവമായി മാറ്റിയ ഖത്തർ അമീറിനും, ഫിഫ സംഘാടകർക്കും, ഈ മഹത്തായ യാത്രയുടെ പങ്കാളികളായ എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതും, ഈ മണൽമണ്ണിൽ പിന്നിട്ട പ്രവാസ ജീവിത വഴികളിൽ ഇത്രയും മനോഹരമായൊരു അധ്യായം എഴുതിച്ചേർക്കാൻ കഴിഞ്ഞതും സായൂജ്യവും സന്തോഷവും അല്പം അഭിമാനവും ചേർന്ന ഒരു ഓർമ്മയായി എന്റെ മനസ്സിന്റെ അകത്തളങ്ങളിൽ എന്നും മായാതെ നിലനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.