37 രാജ്യങ്ങൾ, 82 ഗാലറികൾ: ആർട്ട് ബേസൽ ഖത്തർ രണ്ടാം പതിപ്പ് 2027 ജനുവരിയിൽ
ദോഹ: പ്രശസ്മമായ ആർട്ട് ബേസൽ ഖത്തർ പ്രദർശനത്തിന്റെ രണ്ടാം പതിപ്പ് 2027 ജനുവരി 28 മുതൽ 30 വരെ നടക്കും. "ബിറ്റ്വീൻ" (Between) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മേളയുടെ വിശദാംശങ്ങൾ ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി പ്രഖ്യാപിച്ചു. ലോകത്തുടനീളമുള്ള കലാകാരന്മാരെ ഖത്തറിൽ ഒരുമിപ്പിക്കുന്ന പ്രദർശനത്തിൽ 37 പ്രദേശങ്ങളിൽ നിന്നായി 82 ഗാലറികൾ അവതരിപ്പിക്കും. 30ലധികം ഗാലറികൾ ആദ്യമായി പങ്കാളികളാകുന്നുണ്ട്. കൂടാതെ, 80 സോളോ -ആർട്ടിസ്റ്റ് പ്രകടനങ്ങളും മേളയിൽ അണിനിരക്കും.
2027 ജനുവരി 28 മുതൽ 30 വരെയാണ് ദോഹ വൈവിധ്യമാർന്ന കലാ ആവിഷ്കാരങ്ങൾക്ക് വേദിയാകുക. മിശൈരിബ് ഡൗൺടൗണിലെ M7, ദോഹ ഡിസൈൻ ഡിസ്ട്രിക്ട് എന്നിവിടങ്ങളിലായിരിക്കും കലാവിഷ്കാരങ്ങൾ നടക്കുക. ഇന്ത്യയിൽ നിന്ന് കെമോൾഡ് പ്രസ്കോട്ട് റോഡ്, ഝാവേരി കണ്ടംപററി എന്നീ ഗ്യാലറികൾ പ്രദർശനത്തിനെത്തും. ന്യൂഡൽഹിയിൽ നിന്നുള്ള ആർടിസ്റ്റ് ആയിശ സിങ്ങിന്റെ സൃഷ്ടികളും പ്രദർശിപ്പിക്കുന്നുണ്ട്.
ഇറാഖി ക്യുറേറ്റർ വസ്സാൻ അൽ ഖുദൈരിയുടെ കലാസംവിധാനത്തിലാണ് ആർട്ട് ബേസൽ ഒരുങ്ങുന്നത്. പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വർഷം മുഴുവൻ നീളുന്ന കലക്ടേഴ്സ് മജ്ലിസ് എന്ന പദ്ധതിക്കും ഇത്തവണ തുടക്കം കുറിക്കുന്നുണ്ട്. ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി ഉൾപ്പെടെ സാംസ്കാരിക, കലാരംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മേളയുടെ പ്രധാന പങ്കാളി 'വിസിറ്റ് ഖത്തർ' ആണ്. മേളയുടെ ആദ്യ പതിപ്പ് 2026 ഫെബ്രുവരിയിലാണ് ദോഹയിൽ നടന്നത്. മെന മേഖലകളിലെ സാംസ്കാരിക കൈമാറ്റത്തിനും കലാരംഗത്തെ വളർച്ചക്കും ആർട്ട് ബേസൽ ഖത്തർ വലിയ പങ്കാണ് വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.