ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച

ദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി.ഐ.സി ഖത്തര്‍) ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന 20ാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ നൗഫല്‍ പാലേരി അറിയിച്ചു. ഏഷ്യന്‍ രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികള്‍, കുടുംബങ്ങള്‍ എന്നിവരുടെ ആരോഗ്യസുരക്ഷ ലക്ഷ്യമാക്കി ഖത്തര്‍ ആരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഐന്‍ഖാലിദിലെ ഉമ്മുസനീന്‍ ഹെല്‍ത്ത് സെന്ററില്‍ വെള്ളിയാഴ്ച രാവിലെ 6.30ന് മെഡിക്കല്‍ ക്യാമ്പ് ആരംഭിക്കും.

ഉദ്ഘാടന ചടങ്ങിൽ വിവിധ ഏഷ്യൻ രാജ്യങ്ങളിലെ അംബാസഡർമാർ, എംബസി ഉദ്യോഗസ്ഥർ, ഖത്തർ ആരോഗ്യമന്ത്രാലയം, പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ, ഹമദ് മെഡിക്കൽ കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള ഉയർന്ന ഉദ്യോഗസ്ഥർ, വിവിധ കമ്മ്യൂണിറ്റി നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത മൂവായിരത്തില്‍പരം രോഗികള്‍ക്ക് ഹൃദ്രോഗം, കരള്‍രോഗം, വൃക്കരോഗം, അസ്ഥിരോഗം, ചര്‍മരോഗം, ഇ.എന്‍.ടി, നേത്രരോഗം, ദന്തരോഗം, ഇന്റേണല്‍ മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും ചികിത്സയും ലഭ്യമാവും. പൊതുജനങ്ങള്‍ക്കായി വിദഗ്ധര്‍ നയിക്കുന്ന ആരോഗ്യബോധവത്കരണ ക്ലാസുകള്‍ക്ക് പുറമെ രക്തദാനം, അവയവദാനത്തിനുള്ള രജിസ്‌ട്രേഷന്‍, കൗണ്‍സലിങ്, ഫിസിയോ തെറപ്പിതുടങ്ങിയ സേവനങ്ങളും ഒരൂക്കിയിട്ടുണ്ട്.

ഉച്ചക്ക് ശേഷം ആരംഭിക്കുന്ന ആരോഗ്യബോധവത്കരണ ക്ലാസുകള്‍ക്ക് ചര്‍മം സംരക്ഷിക്കൂ ആരോഗ്യം സംരക്ഷിക്കൂ എന്ന വിഷയത്തില്‍ ചര്‍മരോഗവിദഗ്ധന്‍ ഡോ. സോണി സി. ദാസ്, കിഡ്‌നിരോഗ പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ച് ഹമദ് ഹോസ്പിറ്റല്‍ നെഫ്രോളജി സ്പെഷലിസ്റ്റ് ഡോ. കൃഷ്ണകുമാര്‍, ഗര്‍ഭാശയഗള അര്‍ബുദം എന്ന വിഷയത്തില്‍ ആസ്റ്റര്‍ മിംസ് ഗൈനക്കോളജിസ്റ്റ് ഡോ. ഹേമ കെ.പി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വൈകീട്ട് നാലുവരെ തുടരുന്ന ക്യാമ്പില്‍ 150ഓളം വിദഗ്ധ ഡോക്ടര്‍മാര്‍, 250 മെഡിക്കല്‍ പ്രഫഷനല്‍സ് എന്നിവര്‍ക്ക് പുറമെ സി.ഐ.സി ഖത്തറിന്റെ 600ഓളം വളന്റിയര്‍മാരും സേവനമനുഷ്ഠിക്കും.

Tags:    
News Summary - CIC Qatar Organizes Major Health Camp with 150 Specialist Doctors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.