ഓർമകളുടെ പുസ്തകം തുറക്കുമ്പോൾ “പെരുന്നാൾ” എന്ന അധ്യായം എപ്പോഴും ഒരു പ്രത്യേക മണം പരത്തും -മധുരത്തിന്റെ, സന്തോഷത്തിന്റെ, ബാല്യത്തിന്റെ മണം. പ്രത്യേകിച്ച് അഞ്ചോ പത്തോ വയസ്സുള്ള ബാല്യകാലത്ത് അനുഭവിച്ച ആ പെരുന്നാൾ ദിനങ്ങൾ ഇന്നും മനസ്സിന്റെ കോണുകളിൽ തെളിഞ്ഞുനിൽക്കുന്ന അമൂല്യമായ സ്മരണകളാണ്.
30 ദിവസത്തെ ആത്മസംയമനത്തിന്റെയും പ്രാർഥനയുടെയും സമാപനമായി വിരിയുന്ന പെരുന്നാൾ, അന്നത്തെ കാലത്ത് വെറും ആഘോഷദിനം മാത്രമായിരുന്നില്ല. അത് സന്തോഷത്തിന്റെ, പ്രതീക്ഷയുടെ, പങ്കിടലിന്റെ, കുടുംബ ബന്ധങ്ങളുടെ ഒത്തുചേരലിന്റെ ഒരു പൂക്കാലമായിരുന്നു. എന്നാൽ, ഇന്നത്തെ കാലത്ത് ഓരോ പെരുന്നാളിനും ആ പഴയ ചൂടും സൗന്ദര്യവും ലഭിക്കുന്നുണ്ടോ എന്നത് പലപ്പോഴും മനസ്സിൽ ഉയരുന്ന ഒരു ചോദ്യമായി മാറുന്നു.
നോമ്പിന്റെ ഇരുപത്തിയേഴാം രാവിന് ശേഷം, സകാത്തായി ലഭിച്ചിരുന്ന ചെറിയ നാണയങ്ങളായിരുന്നു അന്നത്തെ ഞങ്ങൾ കൊച്ചു കുട്ടികളുടെ പെരുന്നാൾ ആഘോഷങ്ങളുടെ പ്രധാന സമ്പാദ്യം. പലപ്പോഴും അഞ്ചും പത്തും പൈസകളായി കിട്ടിയ ആ നാണയങ്ങൾ ഒടുവിൽ ഒന്നോ രണ്ടോ രൂപയുടെ നോട്ടായി മാറും. ഇന്നത്തെ കാലത്ത് അതിന്റെ സാമ്പത്തിക വില ചെറുതായിരിക്കാം, പക്ഷേ അന്നത്തെ കുട്ടികളുടെ മനസ്സിൽ അത് ആയിരക്കണക്കിന് സന്തോഷങ്ങൾ നിറച്ച സമ്പത്തായിരുന്നു.
നോമ്പ് ഇരുപത്തിയൊമ്പതോ മുപ്പതോ എന്നത് മാസപ്പിറവി കാണുന്നതനുസരിച്ചാണ് തീരുമാനിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ തറാവീഹ് നമസ്കാരം കഴിഞ്ഞ് “നാളെ കൂടി നോമ്പുണ്ടാവും” എന്ന വിശ്വാസത്തിൽ ഉറങ്ങാൻ പോകും. എന്നാൽ, രാത്രിയുടെ ഏതോ സമയത്ത് ഉമ്മയുടെ മൃദുവായ ശബ്ദം കേൾക്കും -
“എണീക്കടെ മോനെ… നാളെ പെരുന്നാളാണ്!”
ആ ഒരു വാക്ക് കേട്ടാൽ പിന്നെ ഉറക്കം പാറിപ്പോകും. കിടക്കയിൽ നിന്ന് ഒറ്റ ചാടിൽ എഴുന്നേൽക്കും.
മൊബൈൽ ഫോണുകളും ഇന്റർനെറ്റും സോഷ്യൽ മീഡിയയും ഒന്നുമില്ലാത്ത ആ കാലത്തും, കോഴിക്കോടോ കല്ലായിയോ എവിടെയെങ്കിലും മാസപ്പിറവി കണ്ടെന്ന വാർത്ത ഗ്രാമത്തിലെ ഓരോ വീടുകളിലേക്കും അതിവേഗം എത്തുന്നത് ഇന്നും ഒരു അത്ഭുതമായി തോന്നുന്നു. പള്ളികളിൽ നിന്ന് ഉയരുന്ന തക്ബീർ നാദങ്ങൾ… വഴിയാത്രക്കാരുടെ വാർത്തകൾ… അങ്ങനെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നുപോകുന്ന പെരുന്നാൾ വാർത്ത ഒടുവിൽ ഓരോ ചെറുകുടിലിലേക്കും എത്തിച്ചേരും.
ആ സമയത്ത് പൊന്നാനിയിലെ ചെറുതെരുവുകളും വഴികളും ജനനിബിഡമാകും. ചാവക്കാട് ഭാഗത്തുനിന്നും മറ്റുപ്രദേശങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലേക്ക് സിയാറത്തിനും മാസപ്പിറവി ഉറപ്പിക്കാനും ഒഴുകിയെത്തുന്ന കാഴ്ച സജീവമായിരുന്നു.
പെരുന്നാൾ ഉറപ്പിച്ചാൽ പിന്നെ വീട്ടിലെ ആദ്യത്തെ “ഡ്യൂട്ടി” പോത്തിറച്ചി വാങ്ങാൻ പോകുക എന്നതാണ്. ഒന്നര മുതൽ രണ്ട് കിലോമീറ്റർ വരെ ദൂരമുള്ള പൊന്നാനിയിലെ കോരളവിലെ മാർക്കറ്റിലേക്ക് ആ പാതിരാവിൽ തന്നെ നടന്ന് പോകും. അപ്പോഴേക്കും ഇറച്ചിക്കടകൾ സജീവമായിരിക്കും.
“വാ മോനെ… നല്ല ഇറച്ചി ഇവിടെ ഉണ്ട്… നല്ലത് കൊണ്ടെയ്ക്കോ!”
എന്ന് മത്സരിച്ചു വിളിക്കുന്ന കടക്കാരുടെ ശബ്ദങ്ങൾ അങ്ങാടിയിലൊട്ടാകെ മുഴങ്ങും. കുറച്ച് സമയം ആലോചിച്ചാലും, ഒടുവിൽ പരിചയമുള്ള ഒരാളുടെ കടയിലേക്ക് തന്നെ പോകും.
“നല്ല ഇറച്ചി തരണേ…” എന്ന് വെറുതെ പറഞ്ഞാലും കിട്ടുന്നത് മുക്കാൽ ഭാഗം ഇറച്ചിയും കാൽ ഭാഗം എല്ലും ചേർന്ന ഒരു കിലോ!
ഒരു കിലോ ഇറച്ചിക്ക് പത്ത് രൂപയായിരുന്നു എന്നാണ് ഓർമ.
വീട്ടിലേക്ക് മടങ്ങുമ്പോൾ അങ്ങാടിയിൽ പെരുന്നാളിനായി മാത്രം തുറക്കുന്ന റെഡിമെയ്ഡ് കടകളും വിലപേശലുകളും കൗതുകത്തോടെ നോക്കി നിൽക്കും. എന്നാൽ, വീട്ടിൽ രണ്ടുദിവസം മുമ്പ് കുട്ടൻ ടെയ് ലറുടെ കടയിൽ നിന്ന് അടിച്ചു കൊണ്ടുവന്ന പുതിയ കുപ്പായം ഉണ്ടെന്ന ഓർമ മനസ്സിൽ ഒരു പ്രത്യേക സന്തോഷം നിറക്കും.
വീട്ടിലെത്തുമ്പോൾ ഇനിയും വെളിച്ചം പടരാൻ സമയം ബാക്കിയുണ്ടാകും. അപ്പോഴും വീട്ടിൽ ഉമ്മയും പെങ്ങമ്മാരും പലഹാരപ്പണികളിൽ മുഴുകിയിരിക്കും.
കോഴിയട… ചുക്കപ്പം… അരീരം… ബിസ്കറ്റപ്പം…
പെരുന്നാൾ പലഹാരങ്ങളുടെ പട്ടിക നീളും.
ഇടയ്ക്ക് ഞാൻ സഹായിക്കാൻ ശ്രമിച്ചാലും, എന്റെ കൈയിൽ പിറക്കുന്ന ബിസ്കറ്റ് അപ്പത്തിന്റെ രൂപം കണ്ടാൽ ഉമ്മ ചിരിച്ചുകൊണ്ട് പറയും -
“യ്യ് ഇണ്ടാക്കുന്നത് വെൽപ്പം കൂടുന്നുണ്ട്… മോന് ഉറക്കം വരുന്നുണ്ട്, പോയെ കിടന്നോ.”
അപ്പോൾ അയൽവീട്ടിലെ ടേപ്പ് റെക്കോർഡറിൽ നിന്നും ഒഴുകി എത്തുന്ന മാപ്പിളപ്പാട്ടിന്റെ ഇശലുകൾ പെട്ടെന്ന് ഉറക്കത്തിലേക്ക് വഴുതിപ്പോകാൻ സഹായിക്കും.
പുലർന്നാൽ ആദ്യം കുളി. അന്നത്തെ മിക്കവാറും സാധാരണ വീടുകളിൽ കുളിക്കാൻ 501 സോപ്പാണ് പതിവ്. എന്നാൽ, പെരുന്നാളിനായി പ്രത്യേകം വാങ്ങിയ ഹമാം അല്ലെങ്കിൽ റെക്സോണ സോപ്പിന്റെ കവർ പൊട്ടിക്കുമ്പോൾ പരക്കുന്ന ആ സുഗന്ധം ഇന്നും പെരുന്നാൾ ഓർമകളിൽ പുതുമയായി നിലനിൽക്കുന്നു.
പുതിയ വസ്ത്രം ധരിച്ച് കൂട്ടുകാരോടൊപ്പം പള്ളിയിലേക്ക് പോകും. പെരുന്നാൾ നമസ്കാരം കഴിഞ്ഞാൽ നേരെ സൈക്കിൾ കടയിലേക്ക്.
അവിടെ നിന്ന് ചെറിയ സൈക്കിൾ വാടകയ്ക്ക് എടുത്ത് ഓരോരുത്തരും മണിക്കൂറുകളോളം ചവിട്ടും. സമയം നോക്കാൻ വാച്ചില്ല. പൂതി തീരുമ്പോഴോ ചെറിയ പരിക്ക് പറ്റുമ്പോഴോ സൈക്കിൾ തിരിച്ചു കൊടുക്കും.
അപ്പോൾ കടക്കാരൻ പറയും -
“ഒന്നേകാൽ മണിക്കൂർ ആയി.”
കൂട്ടിച്ചേർത്ത പെരുന്നാൾ പൈസയിൽ നിന്ന് എഴുപത് പൈസ അവിടെ തീരും. ബാക്കി ഒരു രൂപയും കുറച്ച് ചില്ലറയും.
വീട്ടിലെത്തിയാൽ കുടുംബം മുഴുവൻ ചേർന്ന് പെരുന്നാൾ ഭക്ഷണം.
ചോറ്… പല കറികൾ… ഇറച്ചി പൊരിച്ചത്… പരിപ്പ്…
പുതിയ വസ്ത്രം ധരിച്ച് എല്ലാവരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്നത് തന്നെയായിരുന്നു അന്നത്തെ ഏറ്റവും വലിയ ആഘോഷം.
പിന്നീട് കൂട്ടുകാരോടൊപ്പം സിനിമയ്ക്ക് പോകും. തിരക്കും തള്ളും നിറഞ്ഞ ആ യാത്ര പോലും സന്തോഷമായിരുന്നു. സിനിമ കഴിഞ്ഞ് മടങ്ങുമ്പോൾ അയൽവീട്ടിലെ കോയക്കാന്റെ മുറ്റത്ത് കുട്ടികൾ കൂട്ടം കൂടിയിരിക്കും. രണ്ട് ടീമുകളായി കളികളും ചിരികളും.
അന്നത്തെ അയൽപക്കങ്ങൾ തമ്മിൽ മതിലുകളോ വേലികളോ ഉണ്ടായിരുന്നില്ല. വീടുകൾ തമ്മിലുള്ള അകലം കുറവായതുകൊണ്ട് മനുഷ്യഹൃദയങ്ങളും അടുത്തിരുന്നു. അതുകൊണ്ട് തന്നെ ഒത്തുചേരലുകൾക്കും ആഘോഷങ്ങൾക്കും ഒരു പ്രത്യേക സൗന്ദര്യം ഉണ്ടായിരുന്നു.
മുപ്പത്തിയാറ് വർഷത്തിലേറെ നീണ്ട പ്രവാസജീവിതത്തിന്റെ ഇടവേളകളിൽ ഓരോ വർഷവും എത്തുന്ന പെരുന്നാൾ പുലരികൾ ഇന്നും ആ പഴയ ദിവസങ്ങളെ ഓർമിപ്പിക്കുന്നു.
ഇല്ലായ്മകൾക്കിടയിൽ ജീവിച്ചിരുന്ന ഒരു തലമുറയുടെ സന്തോഷങ്ങളായിരുന്നു അന്നത്തെ പെരുന്നാൾ ദിനങ്ങൾ. എന്നാൽ ഇന്ന് എല്ലാ സൗകര്യങ്ങളും ഉള്ള കാലത്ത് പോലും, അന്ന് ഞങ്ങൾ അനുഭവിച്ച ആ പെരുന്നാളിന്റെ നൂറിലൊരംശം പോലും പുതുതലമുറക്ക് ലഭിക്കുന്നുണ്ടോ എന്നത് പലപ്പോഴും മനസ്സിൽ ഉയരുന്ന സംശയമാണ്.
എങ്കിലും ആ ഓർമ്മകളുടെ മധുരം ഇന്നും മനസ്സിൽ ജീവിക്കുന്നു.
പ്രതീക്ഷയായി…
സന്തോഷമായി…
പെരുന്നാളിന്റെ ആത്മാവായി.
ആ മധുര നാളുകളുടെ ഓർമ്മകൾ പുതുക്കിക്കൊണ്ട് ഈദുൽ ഫിത്വർ ആശംസകൾ
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.