ദോഹ: കള്‍ച്ചറല്‍ ഫോറം, കൈതോല നാടന്‍ പാട്ട് സംഘം എന്നിവയുടെ നേതൃത്വത്തിൽ അന്തരിച്ച നാടന്‍ പാട്ട് കലാകാരന് രാജേഷ് കരുവന്തല അനുസ്മരണ സംഗമം സംഘടിപ്പിച്ചു. നുഐജയിലെ കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടന്ന അനുസ്മരണ പരിപാടി ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠന് ഉദ്ഘാടനം ചെയ്തു. പ്രവാസത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നും സർഗശേഷിയെ പരമാവധി ഉപയോഗപ്പെടുത്തുകയും നാടന്‍ പാട്ടിനെ കൂടുതല്‍ പേരിലേക്കെത്തിക്കുകയും ചെയ്ത വലിയ കലാകാരനായിരുന്നു രാജേഷ് കരുവന്തലയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിങ് കമ്മിറ്റിയംഗം റഊഫ് കൊണ്ടോട്ടി, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ചന്ദ്രമോഹന് തുടങ്ങിയവര്‍ സംസാരിച്ചു.
രാജേഷ് കരുവന്തലയുടെ സുഹൃത്തുക്കളും നാടന്‍ പാട്ട് രംഗത്തെ സഹയാത്രികരുമായ ഖാലിദ്, അസീസ്, ഫൈസൽ പട്ടാമ്പി, നിമിഷ നിഷാന്ത്, ദനേഷ്, അനീഷ, കൃഷ്ണകുമാർ, രജീഷ് കരിന്തലക്കൂട്ടം, ഷെറിൻ, റാഫി, ഷെഹീൻ, ശിവപ്രസാദ്, രാഹുൽ കല്ലിങ്ങൽ, റഫീഖ് മേച്ചേരി, ലാലു മോഹൻ തുടങ്ങിയവര്‍ ഓര്‍മകള്‍ പങ്കുവെച്ചു. കള്‍ച്ചറല്‍ ഫോറം സെക്രട്ടറി അനീസ് മാള പരിപാടി നിയന്ത്രിച്ചു. ഹൃദയഹാരിയായ പാട്ടുകളിലൂടെയും പെരുമാറ്റത്തിലൂടെയും പ്രവാസികളുടെ മനസ്സില്‍ കൂട് കൂട്ടിയ കലാകാരനെയാണ് രാജേഷിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നും നാടന്‍ പാട്ട് എന്ന കലാശാഖക്ക് വലിയ നഷ്ടമാണെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കൈതോല നാടന്‍ പാട്ട് സംഘം രാജേഷ് കരുവന്തലയുടെ പ്രിയപ്പെട്ട ഗാനങ്ങളും വേദിയില്‍ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.