ദോഹ: തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ പൂർവ വിദ്യാർഥികളുടെ ഖത്തറിലെ സംഘടനയായ ക്യുഗെറ്റ് സംഘടിപ്പിച്ച ഖത്തർ എൻജിനിയേഴ്സ് സമ്മിറ്റ് ആൻഡ് ടെക്നോളജി ഫോറം (ക്വസ്റ്റ് 2025) സമാപിച്ചു. നയതന്ത്ര പ്രതിനിധികളും വ്യവസായ പ്രമുഖരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ 350ലധികം പ്രതിനിധികൾ പങ്കെടുത്ത സംഗമത്തിൽ നിർമിതബുദ്ധി (എ.ഐ) എൻജിനീയറിങ്ങിലും പ്രോജക്ട് മാനേജ്മെന്റിലും സൃഷ്ടിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളെ വിശകലനം ചെയ്തു.

ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. നവീകരണത്തിനും അന്തർദേശീയ സഹകരണത്തിനുമുള്ള ക്യുഗെറ്റിന്റെ പ്രതിബദ്ധതയെ അഭിനന്ദിച്ച അദ്ദേഹം ക്വസ്റ്റ് 2025 ബുക്ക് ലറ്റിന്റെ പ്രകാശനവും നിർവഹിച്ചു.

ക്യുഗെറ്റ് പ്രസിഡന്റും ക്വസ്റ്റ് -25 ചെയർമാനുമായ എൻജിനീയർ ടോമി വർക്കി സ്വാഗതം പറഞ്ഞു. പരിപാടിയുടെ പ്രഭാഷകരെ പ്രോഗ്രാം ചെയർമാൻ എൻജി. മുഹമ്മദ് ഫൈസൽ സദസ്സിന് പരിചയപ്പെടുത്തി.

'പ്രോജക്ട് മാനേജ്മെന്റിലും എൻജിനീയറിങ്ങിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം' എന്നതായിരുന്നു സമ്മിറ്റിന്റെ പ്രമേയം. ഇന്ററാക്ടിവ് വർക്ക്ഷോപ്പും പ്രഭാഷണങ്ങളും ഉൾപ്പെടുത്തി രണ്ട് ഘട്ടങ്ങളായിരുന്നു പരിപാടി.

ആദ്യ വർക്ക്‌ഷോപ്പിൽ ഡോ. സൗരഭ് മിശ്ര (സി.ഇ.ഒ, Taiyo.ai, യു.എസ്) ഭാവി നഗരങ്ങൾ നിർമിക്കാൻ എ.ഐ ഏജന്റുകൾ പ്രോജക്ട് പ്ലാനിങ്ങിലും എക്സിക്യൂഷൻ പ്രവർത്തനങ്ങളിലും എങ്ങനെ പങ്കുവഹിക്കുന്നു എന്ന വിഷയത്തിൽ ലൈവ് ഡെമോൺസ്ട്രേഷൻ അവതരിപ്പിച്ചു.

രണ്ടാം വർക്ക്‌ഷോപ്പിൽ ഹിഷാം എൽകൗഹ (സീനിയർ ക്ലൗഡ് ആർക്കിടെക്ട്, മൈക്രോസോഫ്റ്റ്) പ്രോജക്ട് സ്കോപ് വികസനം, വർക്ക്‌ഫ്ലോ രൂപകൽപന, കമ്യൂണിക്കേഷൻ, ടീം സഹകരണം എന്നിവ മൈക്രോസോഫ്റ്റ് കൊപൈലറ്റ് ഉപയോഗിച്ച് എങ്ങനെ ശക്തിപ്പെടുത്താമെന്ന് വിശദീകരിച്ചു.

വൈകീട്ട് നടന്ന ടെക്നിക്കൽ സമ്മിറ്റ് സെഷനിൽ വിദഗ്ധർ മുഖ്യപ്രഭാഷണങ്ങൾ അവതരിപ്പിച്ചു. ഡോ. സൗരഭ് മിശ്ര നിർമിത ബുദ്ധിയെ കോഗ്നിറ്റിവ് ഇൻഫ്രാസ്ട്രക്ചറായി കാണുന്ന ആശയം അവതരിപ്പിച്ചു. കെ. സുശാന്ത് (സി.ഇ.ഒ, ഇൻഫോപാർക് ആൻഡ് സൈബർ പാർക്ക് കേരള) നിർമിത ബുദ്ധി ഉപയോഗിച്ചുള്ള നഗരവികസനം എന്ന വിഷയത്തിൽ സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, ഡീപ്ടെക് ഇക്കോ സിസ്റ്റം, അർബൻ ഇന്നൊവേഷൻ തുടങ്ങിയ പുതുപ്രവണതകൾ സദസ്സിന് പരിചയപ്പെടുത്തി.

ഷിജാസ് അബ്ദുല്ല (റീജനൽ ഡയറക്ടർ, മൈക്രോസോഫ്റ്റ്, മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക) നിർമിത ബുദ്ധിയുടെ വളർച്ച ഘട്ടങ്ങളും ഭാവിയിൽ അത് എന്റർപ്രൈസ് മാനേജ്മെന്റിനെ എങ്ങനെ മാറ്റിമറിക്കുമെന്നും വിശദീകരിച്ചു. നാഗി റെഡ്ഡി ബൊമറെഡ്ഡി (ഐ.ടി ആൻഡ് ഇ.ആർ.പി പ്രോഗ്രാം മാനേജർ, ക്യൂ സെറാമിക്സ്, ഖത്തർ) പ്രോജക്ട് കോൺട്രാക്ടിങ് മേഖലയിലെ ഇ.ആർ.പി സംവിധാനങ്ങളിൽ എ.ഐ എങ്ങനെ വിപ്ലവം സൃഷ്ടിക്കുന്നുവെന്ന് പങ്കുവെച്ചു.

പ്രഭാഷണങ്ങൾക്ക് ശേഷം എൻജി. ജോൺ ഇ.ജെ നയിച്ച ചോദ്യോത്തര സെഷൻ നടന്നു. ക്വസ്റ്റ് -2025ന്റെ പങ്കാളികൾക്കും സ്പോൺസർമാർക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

സമാപന ചടങ്ങിൽ എൻജി. ഗോപു രാജശേഖർ നന്ദി അറിയിച്ചു. ക്യുഗെറ്റ് ഭാരവാഹികളായ വർഗീസ് വർഗീസ്, സജീവ് കുമാർ, ഡോ. ഗോപാൽ റാവു, ഡയസ് തോട്ടാൻ, എൻജി സാലി, സിബിൽ, ക്ഷേമ ആൻഡ്രൂസ്, തനൂജ ഹസീബ്, അഭിലാഷ്, സ്മൃതി അഭിലാഷ്, ഗ്രീഷ്മ, ഷക്കീൽ അഹമ്മദ് എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Quest-25: Global Experts' Gathering Concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.