ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽഥാനി
ദോഹ: ഖത്തർ ഫുട്ബാൾ അസോസിയേഷൻ (ക്യു.എഫ്.എ) പ്രസിഡന്റ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽഥാനിയെ ലോക ഫുട്ബാൾ ഗവേണിങ് ബോഡിയുടെ പ്രധാന തീരുമാനങ്ങളെടുക്കുന്ന അതോറിറ്റിയായ ഫിഫ കൗൺസിൽ അംഗമായി തെരഞ്ഞെടുത്തു. മനാമയിൽ നടന്ന 33ാമത് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) കോൺഗ്രസിലാണ് ശൈഖ് ഹമദ് ഫിഫ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
അഞ്ചു സ്ഥാനങ്ങളിലേക്കായി മത്സരിച്ച ഏഴു സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ടുകൾ (40 വോട്ടുകൾ) നേടിയാണ് ക്യു.എഫ്.എ പ്രസിഡന്റിന്റെ വിജയം. ഫിഫ കൗൺസിലിലേക്കുള്ള ഏഷ്യൻ പ്രതിനിധികളെ തെരഞ്ഞെടുത്തതിനു പുറമേ, 2023-2027 കാലയളവിലേക്കുള്ള എ.എഫ്.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളെയും ഏഷ്യയിലെ അംഗ അസോസിയേഷനുകളിൽനിന്നുള്ള പ്രതിനിധികൾ ചേർന്ന് തെരഞ്ഞെടുത്തു. എ.എഫ്.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഫിഫ കൗൺസിൽ അംഗത്വത്തിനായി ക്യു.എഫ്.എ പ്രസിഡന്റിനൊപ്പം മത്സരിച്ച ഏഷ്യൻ ഫുട്ബാളിലെ പ്രമുഖ നേതാക്കൾക്ക് ദോ ഷാവോക്കായ് (ചൈന) -18 വോട്ടുകൾ; കോസോ താഷിമ (ജപ്പാൻ) -39, മോങ് ഗ്യു ചുങ് (ദക്ഷിണ കൊറിയ) - 19, ദാതുക് ഹാജി ഹമീദിൻ ബിൻ ഹാജി മുഹമ്മദ് അമീൻ (മലേഷ്യ) -30 , മരിയാനോ അരാനെറ്റ ജൂനിയർ (ഫിലിപ്പീൻസ്) -34, യാസിർ ഹസൻ അൽ മിസെഹൽ (സൗദി അറേബ്യ) -35 എന്നിങ്ങനെയാണ് വോട്ടുസമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.