ഖത്തറിലെ ഫുട്ബാൾ ആരാധകർ
ദോഹ: രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് പിന്നിലെ തന്ത്രപ്രധാന പദ്ധതികൾ ഈ വർഷം അവസാനം നടക്കുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറ് സുരക്ഷിതമാക്കുന്നതിൽ നിർണായകമാകും. ലോകകപ്പിന് മാത്രം 12 മുതൽ 15 ലക്ഷം വരെ കാണികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗവ്യാപ്തിയുടെ കാലയളവ് പ്രവചിക്കാനുള്ള കഴിവ്, കോൺടാക്ട് ട്രേസിങ്ങിനും വിവര കൈമാറ്റത്തിനുമുള്ള ആധുനിക സംവിധാനങ്ങളുടെ ഉപയോഗം, രോഗവ്യാപനം തടയുന്നതിന് കൂടുതൽ പേരെ പരിശോധിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുക തുടങ്ങിയവയിൽ ഖത്തർ ആധികാരികമായി മുന്നിലാണുള്ളത്. നിലവിലെ സാഹചര്യത്തിൽ മാത്രമല്ല, ദശലക്ഷത്തോളം പേർ എത്തുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്കും ഈ രംഗത്തെ ഖത്തറിന്റെ മികവ് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.
ഖത്തർ മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കോൺടാക്ട് ട്രേസിങ്, വാക്സിനേഷൻ, ടെസ്റ്റ്, ട്രാവൽ ഹിസ്റ്ററി പോലെയുള്ള ആരോഗ്യ വിവരങ്ങൾ ശേഖരിക്കുക എന്നിവയിലെ മികവ് ദീർഘകാലാടിസ്ഥാനത്തിൽ ഖത്തറിന് ഗുണകരമാകും.
ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി സഹ അധ്യക്ഷൻ ഡോ. ഹമദ് ഈദ് അൽ റുമൈഹി, പൊതുജനാരോഗ്യ വിഭാഗം മേധാവി ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി, വാക്സിനേഷൻ ഹെഡ് ഡോ. സുഹ അൽ ബയാത് തുടങ്ങിയവരുൾപ്പെടുന്ന ആരോഗ്യ വിദഗ്ധരുടെയും പ്രഫഷനലുകളുടെയും വാക്കുകൾ റിപ്പോർട്ടിലുണ്ട്.
ഈദ് അവധികളിലുൾപ്പെടെ കോവിഡ് നിയന്ത്രണം പിൻവലിക്കുന്നതിലെ ഖത്തറിന്റെ ആസൂത്രണ മികവിനെ റിപ്പോർട്ട് പ്രശംസിച്ചു. പൊതുജനങ്ങളുമായുള്ള ആശയവിനിമയവും നിയന്ത്രണം പിൻവലിക്കുന്നതിലെയും പുതിയ നിയന്ത്രണം ഏർപ്പെടുത്തുന്നതിലെ ശ്രദ്ധയും ആസൂത്രണവും റിപ്പോർട്ടിൽ പ്രത്യേകം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.