എട്ടാമത് ഖത്തർ മലയാളി സമ്മേളനത്തിന്റെ വിശദാംശങ്ങൾ സംഘാടക സമിതി അംഗങ്ങൾ
വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
ദോഹ: പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ഒത്തുചേരലായി നവംബർ 17ന് നടക്കുന്ന എട്ടാമത് ഖത്തർ മലയാളി സമ്മേളനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആസ്പയർ ലേഡീസ് സ്പോർട്സ് ഹാളിൽ രാവിലെ എട്ടു മണിക്ക് തുടങ്ങി രാത്രി 9.30 വരെ നീളുന്ന സമ്മേളനത്തിൽ കേരളത്തിൽനിന്ന് രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ വ്യക്തിത്വങ്ങളും ഖത്തർ പ്രതിനിധികളും പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഷറഫ് പി. ഹമീദ്, ജനറൽ കൺവീനർ ഷമീർ വലിയവീട്ടിൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
‘കാത്തുവെക്കാം സൗഹൃദ തീരം’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ നാലു സെഷനുകളിലായി വിവിധ മേഖലകളിൽനിന്ന് പ്രമുഖർ വിഷയാവതരണം നടത്തി സംസാരിക്കും. രാവിലെ നടക്കുന്ന ഉദ്ഘാടന സെഷനിൽ ഡോ. ഗോപിനാഥ് മുതുകാട് കുട്ടികളും രക്ഷിതാക്കളുമടങ്ങുന്ന സദസ്സുമായി സംവദിക്കും. ഉച്ചഭക്ഷണത്തിനുശേഷം നടക്കുന്ന കുടുംബ സെഷനിൽ പി.എം.എ. ഗഫൂർ, ഡോ. അജു എബ്രഹാം എന്നിവർ പ്രഭാഷണം നടത്തും.
വൈകീട്ട് നടക്കുന്ന മാധ്യമ സെമിനാറിൽ പ്രശസ്ത മാധ്യമപ്രവർത്തകൻ രാജീവ് ശങ്കരൻ, റിഹാസ് പുലാമന്തോൾ എന്നിവർ സംസാരിക്കും. വൈകീട്ട് ആറിന് ആരംഭിക്കുന്ന സമാപന സമ്മേളനത്തിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയാകും. എം.പിമാരായ കെ. മുരളീധരൻ, ജോൺ ബ്രിട്ടാസ് എന്നിവർക്കൊപ്പം ആലംകോട് ലീലാകൃഷ്ണൻ, ബിഷപ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്, ഡോ. ജമാലുദ്ദീൻ ഫാറൂഖി, ഡോ. മല്ലിക എം.ജി എന്നിവർ സംസാരിക്കും. സമാപന സേമ്മളനത്തിൽ ചെയർമാൻ ഷറഫ് പി. ഹമീദ് അധ്യക്ഷത വഹിക്കും.
പ്രമേയ സംബന്ധമായ ചർച്ചകളും പ്രഭാഷണങ്ങളുമാണ് സമ്മേളനത്തിൽ നടക്കുകയെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. 1999ൽ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ മുന്നോട്ടുവെച്ച ആശയമാണ് പിന്നീട് പ്രവാസി മലയാളികൾ ഏറ്റെടുത്ത് ജി.സി.സിയിലെ ശ്രദ്ധേയമായ മലയാളി സമ്മേളനമായി മാറിയത്. 2012ൽ ആറാം മലയാളി സമ്മേളനം കഴിഞ്ഞതിനു പിന്നാലെ, കോവിഡ് കാലത്ത് ഓൺലൈൻ വഴിയായിരുന്നു ഏഴാം മലയാളി സമ്മേളനം നടന്നത്. കോവിഡിനുശേഷം രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ പ്രമുഖരെ ഒന്നിച്ചിരുത്തിയാണ് വീണ്ടുമൊരു മലയാളി സമ്മേളനത്തിന് ദോഹ വേദിയാകുന്നത്. എട്ടാം മലയാളി സമ്മേളനത്തിന്റെ ഭാഗമായി ‘ഐക്യകേരളത്തിന്റെ 67 വർഷങ്ങൾ’, ‘സ്ത്രീ പ്രവാസം-കയ്പും മധുരവും’ എന്നീ വിഷയങ്ങളിൽ ചർച്ചാസദസ്സുകൾ സംഘടിപ്പിച്ചു.
അതോടൊപ്പം കലാ- കായിക- സാഹിത്യ മത്സരങ്ങൾ, കുട്ടികൾക്കുവേണ്ടി ചിത്രരചന മത്സരങ്ങൾ, ‘ബോധനീയ 2023’ എന്ന പേരിൽ ആേരാഗ്യ ബോധവത്കരണ പരിപാടി എന്നിവയും സംഘടിപ്പിക്കുകയുണ്ടായി.
വാർത്തസമ്മേളനത്തിൽ ഷറഫ് പി. ഹമീദ്, ജനറൽ കൺവീനർ ഷമീർ വലിയവീട്ടിൽ, മുഖ്യ രക്ഷാധികാരി എ. മണികണ്ഠൻ, ഉപദേശക സമിതി ചെയർമാൻ എബ്രഹാം ജോസഫ്, പബ്ലിസിറ്റി ചെയർമാൻ മുഹമ്മദ് സിയാദ്, ഖത്തർ ഇന്ത്യൻ ഇസ് ലാഹി സെന്റർ പ്രസിഡന്റ് കെ.എൻ. സുലൈമാൻ മദനി, ജനറൽ സെക്രട്ടറി വി.പി. റഷീദലി എന്നിവർ പെങ്കടുത്തു. സമ്മേളനത്തിൽ പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു (https://tinyurl.com/qmc202). പ്രവേശനം സൗജന്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.