ഡി.ഇ.സി.സിയിൽ ആരംഭിച്ച വെബ് സമ്മിറ്റിൽ ഹോളിവുഡ് താരം വിൽസ്മിത്ത് പങ്കെടുക്കുന്നു
ദോഹ: ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ ആരംഭിച്ച വെബ് സമ്മിറ്റിന്റെ രണ്ടാം ദിനത്തിൽ താരമായി ഹോളിവുഡ് താരം വിൽ സ്മിത്ത്. തിങ്കളാഴ്ച വൈകീട്ട് നടന്ന സെഷനിലായിരുന്നു ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരൻ ജേ ഷെട്ടിക്കൊപ്പം വിൽസ്മിത്തും വേദിയിലെത്തിയത്. ഓസ്കർ വിജയം നേടിയ ഹോളിവുഡ് താരവും സംഗീതജ്ഞനും എന്ന നേട്ടത്തിനൊപ്പം സംരംഭകത്വത്തിലെ വിജയത്തെ കുറിച്ചെല്ലാമായിരുന്നു വിൽസ്മിത്ത് സംസാരിച്ചത്.
ഖത്തറിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ച അദ്ദേഹം ലോകത്തിന്റെ ഭാവി രൂപപ്പെടുത്താൻ കെൽപുള്ള രാജ്യം എന്നായിരുന്നു വിശേഷിപ്പിച്ചത്. ലോകത്തിന്റെ ഭാവിയുടെ ഒരു ഊർജം നിങ്ങൾക്ക് ഖത്തറിൽ അനുഭവിക്കാൻ കഴിയുമെന്ന് ജെ. ഷെട്ടിയുമായുള്ള സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. ‘പ്രതീക്ഷ തുളുമ്പുന്ന സ്ഥലമാണിത്. ഭാവിയിലേക്കുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് എനിക്ക് തോന്നുന്നു. അത് കേവലം മിഡിൽ ഈസ്റ്റിന്റെ മാത്രം ഭാവിയല്ല, ഖത്തർ ലോകത്തിന്റെ മൊത്തം ഭാവി രൂപപ്പെടുത്തുന്ന രാജ്യമാണ്’ -വിൽസ്മിത്ത് പറഞ്ഞു.
‘ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ജി.സി.സിയിലേക്കുള്ള കവാടമാകുന്ന ഖത്തർ’ എന്ന വിഷയത്തിൽ രാവിലെ നടന്ന ചർച്ചയിൽ ഇന്ത്യൻ അംബാസഡർ വിപുൽ, വിദഗ്ധരായ വിഷ്ണു നരഹരി, സിയൂക് സി.ഇ.ഒ അർജുൻ നാഗരാജൻ, ലില്ലിയ സി.ഇ.ഒ സുജിത് ചക്രവർത്തി എന്നിവർ പങ്കെടുത്തു.
മൂന്നാം ദിവസമായ ചൊവ്വാഴ്ച ഹെസ ആൽഥാനി, രശ്മി ഗോപിനാഥ്, മുഅതസ് അസൈസ തുടങ്ങിയവർ ഉൾപ്പെടെ 50ഒളാം പ്രഭാഷകർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.