ഫലസ്തീനിലെ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണം; യു.എൻ സമ്മേളനത്തിൽ ഖത്തർ

ദോഹ: ഗസ്സയിൽ കുട്ടികളുടെയും സാധാരണക്കാരുടെയും ദുരിതങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് ഖത്തർ നടത്തുന്ന നയതന്ത്ര ശ്രമങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് അന്താരാഷ്ട്ര സഹകരണകാര്യ സഹമന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നദ്. ന്യൂയോർക്കിൽ യു.എൻ ജനറൽ അസംബ്ലിയുടെ 81ാമത് സമ്മേളനത്തോടനുബന്ധിച്ച് ഫലസ്തീൻ കുട്ടികളുടെ വിഷയങ്ങൾ ചർച്ചചെയ്യാൻ ചേർന്ന ഉന്നത മന്ത്രിതല യോഗത്തിലാണ് ഖത്തർ നിലപാട് വ്യക്തമാക്കിയത്. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഉടനടി വെടിനിർത്തൽ നടപ്പാക്കണമെന്നും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സംഘർഷ ബാധിത പ്രദേശങ്ങളിൽ കുട്ടികൾ എങ്ങനെയാണ് ദുരിതം അനുഭവിക്കുന്നതെന്ന് ഗസ്സയിലെ സാഹചര്യങ്ങൾ പങ്കുവെച്ച് അവർ വിശദീകരിച്ചു. പുതിയ അധ്യയന വർഷം ആരംഭിച്ചെങ്കിലും, കുടിയൊഴിപ്പിക്കൽ, വ്യോമാക്രമണം, സുരക്ഷാ ഭീഷണികൾ എന്നിവ കാരണം അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ സുരക്ഷിത വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണെന്ന് യു.എൻ ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് ഓഫിസിന്റെ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികളെ സംരക്ഷിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കാനും ഉത്തരവാദികളായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനും അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ശ്രമങ്ങൾ തുടരണമെന്നും അവർ പ്രസ്താവിച്ചു.

കുട്ടികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണം. സംഘർഷ ബാധിത പ്രദേശങ്ങളിൽ കുട്ടികൾക്ക് വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കാൻ വിവിധ മാനുഷിക -വികസന സംരംഭങ്ങളിലൂടെ ഖത്തർ തുടർച്ചയായി ഇടപെടൽ നടത്തുന്നുണ്ട്. ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.എന്നിന്റെ 'അനാലിസിസ് ആൻഡ് കമ്മ്യൂണിക്കേഷൻ കേന്ദ്രവുമായി ചേർന്ന് ഖത്തർ പ്രവർത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Qatar urges UN to ensure protection of Palestinian children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.