സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലീഡേഴ്സ് ആൻഡ് പ്രഫഷനൽസ് മീറ്റിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ്റഹ്മാൻ സംസാരിക്കുന്നു
കേരളത്തിന്റെ ബഹുസ്വരതയും സഹവർത്തിത്വ പാരമ്പര്യവും ശക്തിപ്പെടുത്തണം –പി. മുജീബ്റഹ്മാൻ
ദോഹ: വ്യത്യസ്ത മത-സാമൂഹിക വിഭാഗങ്ങളും സംഘടനകളും ആശയധാരകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിലനിൽക്കുമ്പോഴും സഹവർത്തിത്വത്തിന്റെ സമ്പന്നമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന സമൂഹമാണ് കേരളമെന്നും ആ പാരമ്പര്യം കൂടുതൽ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദർശനത്തിനായി ദോഹയിലെത്തിയ അദ്ദേഹം സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലീഡേഴ്സ് ആൻഡ് പ്രഫഷനൽസ് മീറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.
വൈവിധ്യങ്ങളെ നിലനിർത്തിക്കൊണ്ടുതന്നെ പരസ്പരം അടുത്തറിയാനും ആശയവിനിമയം നടത്താനും സംവാദാത്മകമായ ഒരു സംസ്കാരം വളർത്തിയെടുക്കണം. പൊതുസമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിൽ വിവിധ സംഘടനകളും സാമൂഹിക വിഭാഗങ്ങളും യോജിപ്പിന്റെ മേഖലകൾ കണ്ടെത്തണം. സാമൂഹികവും സാംസ്കാരികവുമായ പൊതുവിഷയങ്ങളിൽ സഹകരണത്തിന്റെയും കൂട്ടായ ഇടപെടലുകളുടെയും പുതിയ സാധ്യതകൾ കണ്ടെത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹിക -സാംസ്കാരിക രംഗത്തെ പ്രമുഖരും പ്രഫഷനലുകളും പരിപാടിയിൽ പങ്കെടുത്തു. സി.ഐ.സി പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. കെ.സി. നബീൽ ഖിറാഅത്ത് നടത്തി. വൈസ് പ്രസിഡന്റ് കെ.സി. അബ്ദുറഹീം സ്വാഗതവും ജനറൽ സെക്രട്ടറി ഇ. അർഷദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.