ദോഹ: ഖത്തർ ടൂറിസത്തിന്റെ മൂന്നാമത് ഖത്തർ ടൂറിസം അവാർഡുകൾക്കായി വിദഗ്ധരടങ്ങിയ പത്തംഗ ജൂറി പാനലിനെ പ്രഖ്യാപിച്ചു. രാജ്യത്തെ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ സേവന മികവിനും മികച്ച സംഭാവനകൾക്കും അംഗീകാരം നൽകുക എന്ന ലക്ഷ്യത്തോടെ, ലോക ടൂറിസം ഓർഗനൈസേഷനുമായി സഹകരിച്ച് ഖത്തർ ടൂറിസം നൽകുന്നതാണ് ഖത്തർ ടൂറിസം അവാർഡ്.
സർവിസ് എക്സലൻസ്, രുചിവൈവിധ്യവുമായി ബന്ധപ്പെട്ട ഗാസ്ട്രോണിമിക് എക്സ്പീരിയൻസ്, ഐകണിക് അട്രാക്ഷൻസ് ആൻഡ് ആക്ടിവിറ്റീസ്, വേൾഡ് ക്ലാസ് ഇവന്റ്സ്, ഡിജിറ്റൽ ഫൂട്ട് പ്രിന്റ്, സ്മാർട്ട് ആൻഡ് സസ്റ്റൈനബ്ൾ ടൂറിസം, കമ്യൂണിറ്റി ലീഡർഷിപ് എന്നീ ഏഴ് വിഭാഗങ്ങളിലായി മികവ് പ്രകടിപ്പിക്കുന്ന ടൂറിസം ബിസിനസുകളെ സൂക്ഷ്മമായി വിലയിരുത്തുന്ന ചുമതലയാണ് ഈ പാനലിനുള്ളത്.
ശൂറ കൗൺസിലിന്റെ വിദ്യാഭ്യാസ സംസ്കാരിക, കായിക സമിതിയുടെ വൈസ് ചെയർമാനും അറബ് പാർലമെന്റ് കമ്മിറ്റിയുടെ വിദേശകാര്യം, ദേശീയ സുരക്ഷാസമിതിയുടെ ചെയർമാനുമായ ഹമദ് അൽ മുല്ല, വിസിറ്റ് ഇംഗ്ലണ്ട് ഡയറക്ടർ ആൻഡ്രൂ സ്റ്റോക്സ്, ട്രാവൽ കണ്ടന്റ് ക്രിയേറ്റർ ഔർലി ബൊട്ടി, ഖത്തർ ഡെവലപ്മെന്റ് ബാങ്ക് ഡെവലപ്മെന്റ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഹമദ് സലിം മെജെഗീർ, ഫുഡ് ആൻഡ് ട്രാവൽ മാഗസിൻ പബ്ലിഷറും സി.ഇ.ഒയുമായ ഗ്രെഗർ റാൻഗിൻ, യു.എൻ ടൂറിസം മിഡിലീസ്റ്റ് റീജനൽ ഓഫിസ് ഡയറക്ടർ സമർ അൽ ഖറാശി, യു.എൻ ടൂറിസം സാങ്കേതിക സഹകരണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മാർസൽ ലെയ്സർ, അൽ വാബ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുല്ല അൽ മഹ്ശാദി, ഇന്നൊവേഷൻ വിദഗ്ധൻ റംസാൻ അൽ നൈമി, ഖത്തർ യൂനിവേഴ്സിറ്റി കോളജ് ഓഫ് ബിസിനസ് ആൻഡ് ഇക്കണോമിക്സ് ഡീൻ പ്രഫ. റാണ അൽ സോബ് എന്നിവരാണ് ജൂറി അംഗങ്ങൾ.
ഖത്തർ ടൂറിസം അവാർഡിന് ആഗസ്റ്റ് ഏഴുവരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നത് വളരെ ലളിതമായ പ്രക്രിയയാണ്. അപേക്ഷകർ അഞ്ച് പ്രത്യേക ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ആവശ്യമായ രേഖകൾ സമർപ്പിക്കുകയും വേണം. വിജയികളെ നവംബറിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.