ദോഹ: ഇസ്ലാം മത വിശ്വാസികളുടെ പുണ്യസ്ഥലങ്ങളിലൊന്നായ ജറുസലേമിലെ അൽ അഖ്സ പള്ളിയിൽ അധിനിവേശ സേനയുടെ സംരക്ഷണത്തോടെ ഇസ്രായേലി തീവ്രവലതുപക്ഷക്കാർ അതിക്രമിച്ചു കയറിയ സംഭവത്തിൽ രൂക്ഷമായി വിമർശിച്ച് ഖത്തർ. ഇസ്രായേൽ അധിനിവേശ സേനയുടെ പ്രകോപനപരമായ നടപടികളെ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
ഇത്തരം നീക്കങ്ങൾ ലോകമെമ്പാടുമുള്ള മുസ് ലിം വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. അധിനിവേശ ജറുസലേമിലെ ഇസ് ലാമിക -ക്രിസ്ത്യൻ വിശുദ്ധ കേന്ദ്രങ്ങളുടെ ചരിത്രപരമായ പദവി ഇല്ലാതാക്കാനുള്ള അപകടകരമായ നീക്കമാണിതെന്നും മന്ത്രാലയം കുറ്റപ്പെടുത്തി. അൽ അഖ്സ പള്ളി മുസ് ലിം വിശ്വാസികൾക്ക് മാത്രമായിട്ടുള്ള ആരാധനാലയമാണ്.
ജറുസലേമിന്റെയും അവിടത്തെ വിശുദ്ധ കേന്ദ്രങ്ങളുടെയും ചരിത്രപരവും നിയമപരവുമായ പദവി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ഏകപക്ഷീയമായ നടപടികൾ അന്താരാഷ്ട്ര നിയമപ്രകാരം അസാധുവാണെന്ന് ഖത്തർ വിശദീകരിച്ചു. ഇത്തരം പ്രകോപനങ്ങൾ മേഖലയിൽ വീണ്ടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെടാനും സംഘർഷം വ്യാപിപ്പിക്കാനും മാത്രമേ സഹായിക്കൂ. ഇത് സമാധാന ശ്രമങ്ങളെ ഇല്ലാതാക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഫലസ്തീൻ ജനതക്കും അവരുടെ വിശുദ്ധ കേന്ദ്രങ്ങൾക്കും നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖത്തർ ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് നിലപാട് ആവർത്തിച്ച ഖത്തർ വിദേശകാര്യ മന്ത്രാലയം, ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ച്, 1967 ലെ അതിർത്തികൾ അംഗീകരിച്ച്, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം യാഥാർത്ഥ്യമാക്കുന്നത് വരെ ഫലസ്തീൻ ജനതയുടെ പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണയുണ്ടാകുമെന്നും ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.