കേരള മദ്റസ എജുക്കേഷൻ ബോർഡിന്റെ കീഴിൽ നടന്ന പൊതുപരീക്ഷയിൽ പ്രൈമറി വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇൽഹാമിനെ സി.ഐ.സി ബിൻ മഹ്മൂദ് യൂനിറ്റ് ആദരിക്കുന്നു
ദോഹ: കേരള മദ്രസ്സ എജുക്കേഷൻ ബോർഡിന്റെ കീഴിൽ നടന്ന പൊതുപരീക്ഷയിൽ പ്രൈമറി വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇൽഹാമിനെ സി.ഐ.സി ബിൻ മഹ്മൂദ് യൂനിറ്റ് ഉപഹാരം നൽകി അനുമോദിച്ചു. മദീന ഖലീഫ അൽ മദ്രസ അൽ ഇസ്ലാമിയയിലെ വിദ്യാർത്ഥിനിയായ ഇൽഹാം, കേരളത്തിലെയും ഗൾഫ് രാജ്യങ്ങളിലെയും മദ്രസകളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരപരീക്ഷയിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ചാണ് ടോപ്പേഴ്‌സ് പട്ടികയിൽ ഇടം നേടുകയും ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയും ചെയ്തത്.
ഇൽഹാമിന്റെ അഭിമാനകരമായ നേട്ടത്തെ ആദരിക്കുന്നതിനായി സി.ഐ.സി ബിൻ മഹ്മൂദ് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ യൂനിറ്റ് ഭാരവാഹികളും അംഗങ്ങളും പങ്കെടുത്ത് വിദ്യാർത്ഥിനിക്ക് ഉപഹാരം സമർപ്പിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ സേവനമനുഷ്ഠിക്കുന്ന വടകര ആയഞ്ചേരി സ്വദേശിയായ ഹബീബ് റഹ്മാന്റെയും സജ്നയുടെയും മകളാണ് ഇൽഹാം. പഠനരംഗത്തെ ഈ മികച്ച നേട്ടം കുടുംബത്തിനും അധ്യാപകർക്കും സമൂഹത്തിനും ഒരുപോലെ അഭിമാനമുഹൂർത്തമായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.