ഇറാൻ ഭീഷണിയിൽ ശക്തമായി അപലപിച്ച് ഖത്തർ
ദോഹ: അമേരിക്ക വീണ്ടും ആക്രമിച്ചാൽ ഗൾഫ് രാജ്യങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിടുമെന്ന ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫിന്റെ ഭീഷണിയിൽ അപലപിച്ച് ഖത്തർ. അടിസ്ഥാനസൗകര്യങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരായുള്ള ഭീഷണി അന്താരാഷ്ട്ര നിയമത്തിന്റെയും നല്ല അയൽപക്കബന്ധത്തിന്റെയും ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി പ്രതിവാര വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇറാനും അമേരിക്കയും തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നതിനും സംഘർഷത്തിന് പരിഹാരം കണ്ടെത്തുന്നതിനുമായി ഖത്തറും മറ്റ് മധ്യസ്ഥരും ശ്രമങ്ങൾ തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മധ്യസ്ഥർ ഇരുപക്ഷവുമായും യോഗങ്ങൾ നടത്തുകയും സാധ്യമായ പരിഹാരങ്ങൾ ചർച്ച ചെയ്യുന്നുമുണ്ട്. ഗൾഫ് രാജ്യങ്ങൾ യുദ്ധത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നും മേഖലയിലെ രാജ്യങ്ങൾക്കെതിരായ ആക്രമണം ഇറാൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണങ്ങളിൽ ലക്ഷ്യംവെച്ചാലും ഖത്തർ സമാധാനത്തിനായുള്ള ശ്രമങ്ങൾ ഉപേക്ഷിക്കില്ലെന്നും മാജിദ് അൽ അൻസാരി വ്യക്തമാക്കി. അതേസമയം, ഗസ്സയിലെയും ലബനാനിലെയും പ്രദേശങ്ങൾ കൈവശപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഇസ്രയേൽ പരാമർശങ്ങളെ അപലപിച്ചു. ഫലസ്തീനിലേക്ക് തടസ്സമില്ലാതെ മാനുഷിക സഹായം എത്തിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.