ജ​ർ​മ​നി​യി​ലെ റി​നെ​ലാ​ൻ​ഡി​ൽ ക​ളി​ക്ക​ള​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്​ ത​റ​ക്ക​ല്ലി​ട്ട​പ്പോ​ൾ

ജർമനിയിൽ കളിക്കളങ്ങൾക്ക് പുതുജീവൻ പകർന്ന് ഖത്തർ

ദോഹ: ജർമൻ നഗരമായ റിനെലാൻഡിൽ കുട്ടികളുടെ എട്ട് കളിസ്ഥലങ്ങൾ നവീകരിക്കാനായി ഖത്തറിന്‍റെ 10 ലക്ഷം യൂറോ ധനസഹായം. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തെ തുടർന്ന് തകർന്ന കായിക അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണമാണ് ഖത്തർ ഡെവലപ്മെൻറ് ഫണ്ട് ധനസഹായത്തിലൂടെ നടക്കുന്നത്.

സ്റ്റേഡിയങ്ങളുടെ തറക്കല്ലിടൽ ചടങ്ങിൽ ജർമനിയിലെ ഖത്തർ സ്ഥാനപതി ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സഈദ് ആൽഥാനി പങ്കെടുത്തു. പ്രളയദുരന്തം സംഭവിച്ച ഉടൻതന്നെ ഖത്തറിന്‍റെ സഹായത്തോടെ മേഖലയിലെ താമസക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ച് അധികൃതരുമായി കൂടിയാലോചന നടത്തിയിരുന്നുവെന്ന് ഖത്തർ സ്ഥാനപതി പറഞ്ഞു.

മേഖലയിലെ കായിക അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണത്തിന് ഖത്തറിന്‍റെ സഹായം നിർണായക ചുവടുവെപ്പായിരുന്നുവെന്ന് റിനെലാൻഡ് സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷൻ വാൾട്ടർ ഡെഷ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

മേഖലയിലെ കുട്ടികളുടെ കളിസ്ഥലങ്ങൾ പുനരുദ്ധരിക്കാൻ മുന്നോട്ടുവന്ന ഖത്തറിന്‍റെ നടപടിയിൽ ഏറെ സന്തോഷമുണ്ടെന്ന് ഫുട്ബാൾ ഹിൽഫ്റ്റ് ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം നോബർട്ട് ഫയ്സി അറിയിച്ചു. പ്രദേശത്തെ കായിക മേഖലക്ക് നേരിട്ടും അടിയന്തരമായും സഹായമെത്തിക്കുന്നതിന് ഈ അവസരം ഉപയോഗപ്പെടുത്തുമെന്നും ഫയ്സി കൂട്ടിച്ചേർത്തു. കുട്ടികളുടെ കളിസ്ഥലങ്ങൾ പുനരുദ്ധരിക്കാനുള്ള ഖത്തറിന്‍റെ ധനസഹായത്തെ പ്രശംസിച്ച് നിരവധി ജർമൻ മാധ്യമങ്ങൾ രംഗത്തെത്തി.

തീർത്തും പ്രഫഷനലായ പിച്ചുകളിൽ ഒരിക്കൽകൂടി പന്തുതട്ടുകയെന്ന കുട്ടികളുടെ അഭിലാഷങ്ങൾക്ക് ഖത്തറിന്‍റെ സഹായത്തോടെ വീണ്ടും ചിറകു മുളക്കുകയാണെന്ന് ഫസ്റ്റ് ജർമൻ ചാനൽ റിപ്പോർട്ട് ചെയ്തു. റിനെലാൻഡിലെ പ്രളയത്തിൽ കായിക അടിസ്ഥാന സൗകര്യങ്ങൾ തകർന്നതിനെ തുടർന്ന് 10 മാസത്തോളമായി അഞ്ചിലധികം ക്ലബുകൾക്ക് കളിക്കാൻ സൗകര്യങ്ങളില്ലാതിരിക്കുകയായിരുന്നുവെന്നും ഖത്തരി ജനതയുടെ പിന്തുണയോടെ ഉടൻതന്നെ തങ്ങളുടെ കായിക പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സാധിക്കുമെന്നും റിനെലാൻഡ് സൈറ്റങ് ദിനപത്രം റിപ്പോർട്ട് ചെയ്തു. 

Tags:    
News Summary - Qatar revives playgrounds in Germany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.