ഖത്തർ നാഷണൽ ലൈബ്രറി
ദോഹ: വേനൽക്കാലത്ത് കുട്ടികൾക്കും യുവജനങ്ങൾക്കും വൈവിധ്യമാർന്ന പരിപാടികളൊരുക്കി ഖത്തർ നാഷനൽ ലൈബ്രറി. ഇതോടനുബന്ധിച്ചുള്ള പ്രധാനപ്പെട്ട സമ്മർ ക്യാമ്പ് വിജയകരമായി തുടരുന്നുണ്ട്. ഇന്ററാക്ടീവ് സ്റ്റോറി ടെല്ലിങ്, ശാസ്ത്രീയ അറിവു നൽകുന്ന പ്രവർത്തനങ്ങൾ, ഗൾഫ് ചരിത്ര പഠനം എന്നിവയാണ് ആഗസ്റ്റിൽ വേനൽക്കാല പരപാടിയോടനുബന്ധിച്ച് ഒരുക്കിയ മറ്റുപരിപാടികൾ. ആഗസ്റ്റ് ഒന്നു മുതൽ 29 വരെ നടക്കുന്ന സമ്മർ ക്യാമ്പിൽ വിവിധ പ്രായത്തിലുള്ളവർക്കായി അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ 14 സെഷനുകളാണ് നടക്കുക. ഏഴ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായി ആഗസ്റ്റ് 4, 11, 18, 25 തീയതികളിൽ നാല് സ്റ്റോറി ടൈം സെഷനുകൾ നടക്കും. ഭാവനയും വായനാശീലവും വളർത്താൻ ലക്ഷ്യമിട്ടുള്ള ഇന്ററാക്ടീവ് സെഷനാണിത്.
ആഗസ്റ്റ് 5, 12, 19, 26 തീയതികളിൽ ‘മേക്ക് വിത്ത് മീ’ വർക്ഷോപ്പുകൾ നടക്കും. ഒമ്പതു മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് തങ്ങളുടെ കലാ- കരകൗശല സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഒരുക്കുന്നു. ശാസ്ത്ര താൽപര്യമുള്ളവർക്കായി ആഗസ്റ്റ് 6, 13, 14, 20, 21, 27 തീയതികളിൽ ആറ് സ്റ്റെം സെഷനുകൾ നടക്കും. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതം എന്നിവ ഉൾക്കൊള്ളുന്ന വർക്ക്ഷോപ്പുകളാണ് നടക്കുക. ഏഴ് മുതൽ 17 വയസ്സുവരെയുള്ളവർക്കാണ് ഈ വർക്ക്ഷോപ്പുകൾ.
വേനൽക്കാല പരിപാടികളിൽ പ്രധാനപ്പെട്ടത് ആഗസ്റ്റ് ആറിന് നടക്കുന്ന ഗൾഫ് ഹിസ്റ്ററി ലെക്ചർ സീരീസ് പരിപാടിയാണ്. ഗൾഫിന്റെ ചരിത്രത്തിലെ പുരാവസ്തു ഗവേഷണം; ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള കേസ് പഠനങ്ങളെ അടിസ്ഥാമനാക്കിയുള്ള പ്രഭാഷണമാണ് ഈ സെഷനിൽ നടക്കുക. പുരാവസ്തു ഗവേഷണം, പ്രദേശത്തിന്റെ ഭൂതകാലത്തെ വെളിച്ചത്ത് കൊണ്ടുവരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.