ലുസൈലിലെ ‘ഇഗൽ’ കലാസൃഷ്ടികൾ

കലാകാരന്മാരെ ക്ഷണിച്ച് ഖത്തർ മ്യൂസിയം

ദോഹ: പുതുതലമുറയിലെയും മുതിർന്നവരുമായ കലാകാരന്മാരുടെ സൃഷ്ടികൾ ക്ഷണിച്ച് ഖത്തർ മ്യൂസിയം. രാജ്യത്തിന്റെ സാംസ്‌കാരിക, കലാ പൈതൃകത്തെ പരിപോഷിപ്പിക്കാനും ഖത്തറില്‍ താമസിക്കുന്ന പ്രതിഭകളായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പൊതു ഇടങ്ങളിലേക്കുള്ള കലാസൃഷ്ടികള്‍ നിര്‍ദേശിക്കാന്‍ അവസരം നല്‍കുന്നത്. ഈ മാസം 15നകം കലാസൃഷ്ടി സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഖത്തർ മ്യൂസിയം അറിയിപ്പിൽ വ്യക്തമാക്കി.

രാജ്യത്ത് താമസിക്കുന്ന പുതുമുഖ കാലകാരന്മാർക്കും പരിചയ സമ്പന്നരായ മുതിർന്ന കലാകാരന്മാർക്കും അവസരം നൽകുന്നതിന്‍റെ ഭാഗമായാണ് എല്ലാവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നതെന്ന് ഖത്തർ മ്യൂസിയംസ് പബ്ലിക് ആർട്ട് ഡയറക്ർ എൻജിനീയർ അബ്ദുൽറഹ്മാൻ അൽ ഇഷാഖ് അറിയിച്ചു. വൈദഗ്ധ്യമുള്ള കലാകാരന്മാര്‍ക്ക് ഒന്നോ അതിലധികമോ കലാസൃഷ്ടികള്‍ സമര്‍പ്പിക്കാം. മ്യൂസിയം തിരഞ്ഞെടുക്കപ്പെടുന്ന കലാകാരന്മാര്‍ക്ക് രാജ്യത്തുടനീളമായുള്ള ചുമരുകളില്‍ മികച്ച കലാസൃഷ്ടികള്‍ വരക്കാം.

അതേസമയം, ഈ വര്‍ഷത്തെ വിദ്യാര്‍ഥികള്‍ക്കായുള്ള മ്യൂസിയത്തിന്റെ പൊതു കലാസൃഷ്ടി മത്സരത്തില്‍ താല്‍ക്കാലികമായോ സ്ഥിരമായോ ഉള്ള പൊതു കലാസൃഷ്ടി നിര്‍ദേശിക്കാന്‍ സര്‍വകലാശാല വിദ്യാര്‍ഥികളെയും ബിരുദധാരികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് അബ്ദുല്‍റഹ്‌മാന്‍ അല്‍ ഇഷാഖ് വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ അഞ്ചാണ്. പൊതുകല വിദ്യാർഥി വിഭാഗത്തിൽ യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കും ബിരുദധാരികൾക്കും തങ്ങളുടെ സൃഷ്ടികൾ സ്ഥിരമായും താൽക്കാലികമായും പ്രദർശിപ്പിക്കാനും ഈ വർഷം അവസരം നൽകുന്നതായി അൽ ഇഷാഖ് പറഞ്ഞു. സെപ്റ്റംബർ അഞ്ചിനകം അപേക്ഷിക്കുക വിദ്യാർഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പബ്ലിക് ആർട് വിഭാഗത്തിന്‍റെ പിന്തുണയോടെയാണ് തങ്ങളുടെ കലാരചനകൾ തയാറാക്കാം.

Tags:    
News Summary - Qatar Museum invites artists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.