കലാകാരന്മാരേ ഇതിലേ... സ്വാഗതം ചെയ്ത് ഖത്തർ

ദോഹ: വിശ്വമേളയുടെ വേദിയിൽ പാട്ടും നൃത്തവും മുതൽ നാടകവും നാടോടി കലകളും വരെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന കലാകാരന്മാരെ സ്വാഗതം ചെയ്ത് ഖത്തർ. നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ വേളയിൽ സ്റ്റേഡിയങ്ങൾക്ക് പുറത്തും ഫാൻ സോണിലും, നിലക്കാത്ത ആഘോഷങ്ങളുടെ വേദിയായ കോർണിഷ് തെരുവിലും, എജുക്കേഷൻ സിറ്റിയിലും ഉൾപ്പെടെ വിവിധവേദികളിൽ കലാപ്രകടനം നടത്താൻ കഴിയുന്നവരെയാണ് ലോകകപ്പ് സംഘാടകർ സ്വാഗതം ചെയ്യുന്നത്. ദൃശ്യകലാ പ്രകടനങ്ങൾ, കരകൗശല പ്രദർശനം, ഫാഷൻ ആൻഡ് ഡിസൈൻ, പെർഫോർമൻസ് ആർട്സ്, നാടകം, സംഗീതം, സിനിമ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരന്മാരോട് ഒട്ടും താമസിയാതെ തന്നെ അപേക്ഷ സമർപ്പിക്കാൻ ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ആവശ്യപ്പെട്ടുന്നു.

അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലോകകപ്പിന്‍റെ ഒരു മാസക്കാലയളവിൽ വിവിധ ദേശങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന ആരാധകർക്ക് മുന്നിൽ തങ്ങളുടെ കലാപ്രകടനങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നൽകും. ആരാധകർക്കും, കലാകാരന്മാർക്കും അപൂർവമായൊരു അനുഭവം പകർന്നു നൽകുന്നതിനാണ് ഇത്തരമൊരു അവസരം സൃഷ്ടിക്കുന്നതെന്ന് സംഘാടകർ വിശദീകരിച്ചു.

സുപ്രീം കമ്മിറ്റിയുടെ വെബ്സൈറ്റ് വഴിയാണ് കലാകാരന്മാർ അപേക്ഷ സമർപ്പിക്കേണ്ടത്. വ്യക്തിഗത വിവരങ്ങൾ, അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന കലാരൂപം, ഇതുസംബന്ധിച്ച വിശദാംശങ്ങൾ, തങ്ങളുടെ പ്രകടനം വിശദീകരിക്കുന്ന വിവരങ്ങൾ എന്നിവ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലോകകപ്പ് വേളയിൽ ഖത്തറിലെത്തിയാൽ പ്രകടനം പ്രദർശിപ്പിക്കാൻ വേദി അനുവദിക്കും. അതേസമയം, വിമാന യാത്രയും, താമസവും, മറ്റ് ചെലവുകളും സ്വന്തം നിലവിൽ വഹിക്കണം. താമസത്തിനായി ഇളവുകൾ ലഭ്യമാക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

ഹിന്ദി, ഉർദു, ഇംഗ്ലീഷ്, സ്പാനിഷ്, പോർചുഗീസ്, ഫ്രഞ്ച്, മണ്ഡാരിൻ, ജാപ്പനീസ്, റഷ്യൻ, ജർമൻ എന്നീ ഭാഷകളിൽ നിന്നും മറ്റ് ഇതര ഭാഷകളിലെയും കലാകാരന്മാർക്ക് അപേക്ഷിക്കാവുന്നതാണ്. www.qatar2022.qa/en/opportunities/community-engagement/register-as-artist എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.