ലോക ഭൂപടത്തിൽ ഖത്തർ അടയാളപ്പെടുത്തപ്പെട്ട വർഷമായിരുന്നു 2022. ഈയൊരു വർഷത്തിലേക്കായിരുന്നു അറേബ്യൻ പെനിൻസുലയിലെ കൊച്ചുരാജ്യം കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെക്കാലം യാത്ര നടത്തിയത്. ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് എന്ന വിശ്വ കായിക മാമാങ്കം അരങ്ങേറുന്ന 2022നെ ഖത്തറും അറേബ്യൻ ലോകവും അത്യാവേശത്തോടെ സ്വാഗതം ചെയ്ത കാലം.
2022നെ ലോകകപ്പിന്റെ വർഷം എന്ന നിലയിലായിരുന്നു ഖത്തർ വരേവറ്റത്. അറേബ്യൻ മേഖല ഉൾപ്പെടുന്ന മധ്യപൂർവേഷ്യ വേദിയൊരുക്കുന്ന ആദ്യ ലോകകപ്പ് എന്ന വിശേഷണവുമായി 12 വർഷത്തിലേറെ നീണ്ടുനിന്ന തയാറെടുപ്പിലൂടെയാണ് ഈ കൊച്ചു രാജ്യം ലോകകപ്പ് വർഷത്തിലേക്ക് കടന്നത്.
ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽനിന്ന്
ആഗോള ഇസ്ലാമിക പണ്ഡിതന് ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ വിയോഗം ഖത്തറിനെയും മുസ്ലിം സമൂഹത്തെയും കണ്ണീരിലാഴ്ത്തി. 120ലേറെ പുസ്തകങ്ങളെഴുതുകയും നിരവധി കാലികപ്രസക്തമായ ഫത്വകൾ പുറപ്പെടുവിക്കുകയും ചെയ്ത അദ്ദേഹം സെപ്റ്റംബര്‍ 26ന് 96ാം വയസ്സില്‍ ദോഹയില്‍വെച്ചാണ് മരിച്ചത്.
ശൈഖ് യൂസുഫുല്‍ ഖറദാവി
ലോകകപ്പിന് വിസിൽ മുഴങ്ങും മുമ്പേ കാൽപന്ത് ലോകം ഖത്തറിലേക്ക് ശ്രദ്ധനൽകി കാത്തിരുന്ന ദിനങ്ങളായിരുന്നു മാർച്ച് 31ഉം ഏപ്രിൽ ഒന്നും. 72ാമത് ഫിഫ കോണ്‍ഗ്രസിനും ലോകകപ്പ് ടീം നറുക്കെടുപ്പിനും ദോഹ വേദിയായി. ഡി.ഇ.സി.സിയിൽ നടന്ന ഫിഫ കോൺഗ്രസിൽ ഖത്തറിലെ ലോകകപ്പ് തയാറെടുപ്പിനെ ആഗോള ഫുട്ബാൾ ഫെഡറേഷൻ പ്രശംസിച്ചു. മുഴുവൻ രാജ്യങ്ങളുടെയും പ്രതിനിധികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മാധ്യമ പ്രതിനിധികളും പങ്കെടുത്തിരുന്നു.
ഏപ്രിൽ ഒന്നിനായിരുന്നു ടീം നറുക്കെടുപ്പ്. േപ്ല ഓഫ് വഴി യോഗ്യത നേടാൻ ബാക്കിയുള്ള രണ്ട് ടീമുകളെ കൂടി പരിഗണിച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. കഫു, ലോതർ മതേവൂസ്, കകാ, ടിം കാഹിൽ, മാർകോ മറ്റരാസി, സാമുവൽ എറ്റു, ആന്ദ്രി പിർലോ ഉൾപ്പെടെ ഇതിഹാസ താരങ്ങളെല്ലാം ഒന്നിച്ച വേദിയെ സാക്ഷിയാക്കി ലോകകപ്പിന്റെ നറുക്കെടുപ്പ് നടന്നു. ഈ വേദിയിൽ തന്നെ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗ്യ മുദ്രയായ ലഈബും, ഔദ്യോഗിക ഗാനമായ ‘ഹയ്യാ ഹയ്യാ...’യും പുറത്തിറക്കി.
ലോകകപ്പ് ഫുട്ബാളിന്റെ ഭാഗ്യ മുദ്രയായ ലഈബ്
2021 നവംബർ 21ന് ദോഹ കോർണിഷിൽ സ്ഥാപിച്ച കൗണ്ട്ഡൗൺ േക്ലാക്കിലൂടെയായിരുന്നു ഖത്തർ വിശ്വമേളയിലേക്ക് നാളുകൾ എണ്ണിത്തുടങ്ങിയത്. സ്റ്റേഡിയങ്ങളിൽ ഏറെയും സജ്ജമാക്കി ലോകകപ്പിന്റെ ട്രയൽ റൺ എന്ന നിലയിൽ സംഘടിപ്പിച്ച ഫിഫ അറബ് കപ്പിന് പന്തുരുളുന്നതിന് ഏതാനും ദിവസങ്ങൾ മുമ്പ് മാത്രമായിരുന്നു ഖത്തറിൽ ലോകകപ്പ് ഫുട്ബാളിന്റെ ഒരു വർഷ കൗണ്ട് ഡൗണിന് ആഘോഷപൂർവമായ തുടക്കം കുറിച്ചത്. നവംബർ 30ന് അൽബെയ്ത് സ്റ്റേഡിയത്തിലൂടെ ഫിഫ അറബ് കപ്പ് പോരാട്ടത്തിനും കിക്കോഫ് കുറിച്ചു. അറബ് രാജ്യങ്ങളുടെ ഫുട്ബാൾ കാർണിവൽ ആദ്യമായാണ് ഫിഫ ഏറ്റെടുത്ത് സ്വന്തം ടൂർണമെന്റായി അവതരിപ്പിച്ചത്. ലോകകപ്പിനായി സജ്ജമാക്കിയ ആറ് വേദികൾ അറബ് കപ്പിന്റെ കളിയിടമാക്കി ഖത്തർ ലോകത്തിന് മുന്നിൽ തങ്ങൾ തയാറെന്ന് വിളംബരം ചെയ്തു. ഡിസംബർ 18ന്റെ ഫൈനലോടെയാണ് അറബ് കപ്പിന് കൊടിയിറങ്ങിയത്. പുതുവർഷം പിറക്കും മുമ്പേ ഖത്തറിന് ലോകകപ്പിലേക്കുള്ള ഏറ്റവും മികച്ച ട്രയൽ റണ്ണായിരുന്നു അറബ് കപ്പ്. പണി പൂർത്തിയാവാത്ത ലുസൈൽ സ്റ്റേഡിയം ഒഴികെ മറ്റ് ഏഴ് വേദികളും ലോകകപ്പിനായി പൂർണസജ്ജമായി. ലോകകപ്പിന് പൂർണാർഥത്തിൽ ഒരുങ്ങിയ ജനുവരിയിലേക്കായിരുന്നു ഖത്തർ പുതുവർഷം ആഘോഷിച്ചത്. ജനുവരി മൂന്നാം വാരത്തോടെ ലോകകപ്പിന്റെ ടിക്കറ്റ് വിൽപനയും പ്രഖ്യാപിച്ചു. ജനുവരി 19 മുതൽ മാർച്ച് 29 വരെയായിരുന്നു റാൻഡം നറുക്കെടുപ്പ് വഴിയുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. 40 റിയാലിന് ടിക്കറ്റ് ലഭ്യമാക്കി 36 വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഖത്തർ പ്രഖ്യാപിച്ചു. നറുക്കെടുപ്പിലൂടെ ബുക്ക് ചെയ്ത ദശലക്ഷം ആരാധകരിൽ എട്ടു ലക്ഷം ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തിൽ നീക്കിവെച്ചത്. അന്തിമ ടീമുകളുടെ ചിത്രം തെളിയും മുമ്പ് ആരംഭിച്ച ടിക്കറ്റ് വിൽപനക്ക് ആവേശകരമായ പ്രതികരണമാണ് ആരാധകരിൽനിന്നുണ്ടായത്.
അറബ് കപ്പ്
ഒരു വർഷത്തെ കൗണ്ട് ഡൗൺ 200ലും 150ലും 100ലും എത്തിയപ്പോൾ ആതിഥേയ രാജ്യം വിവിധ ആഘോഷങ്ങളോടെയാണ് വരവേറ്റത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൗണ്ട്ഡൗൺ പരിപാടികൾ നടന്നു. അർജന്റീന, ബ്രസീൽ, മെക്സികോ തുടങ്ങിയ ഫുട്ബാൾ നാടുകളിൽ വിവിധ പ്രചാരണ പരിപാടികൾ കൗണ്ട്ഡൗണിന്റെ ഭാഗമായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സംഘടിപ്പിച്ചിരുന്നു.
കോർണിഷിലെ കൗണ്ട്ഡൗൺ ക്ലോക്ക്
ലോകകപ്പിനുള്ള ഏഴ് വേദികളും 2021 ഡിസംബറോടെ ഉദ്ഘാടനം ചെയ്തെങ്കിലും ഫൈനൽ വേദിയായ ലുസൈൽ ഈ വർഷമാണ് സജ്ജമായത്. മിനുക്ക് പണികളെല്ലാം പൂർത്തിയാക്കിയ കളിമുറ്റം ലോകകപ്പിനുള്ള ഏറ്റവും വലിയ വേദിയായിരുന്നു. ഒപ്പം മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം എന്ന ബഹുമതിയും സ്വന്തം. സെപ്റ്റംബർ ഒമ്പതിന് ലുസൈൽ സൂപ്പർകപ്പ് ഫുട്ബാൾ മത്സരത്തോടെയാണ് ലുസൈൽ സ്റ്റേഡിയം സജ്ജമായത്. യഥാക്രമം സൗദി, ഈജിപ്ത് ലീഗ് ചാമ്പ്യന്മാരായ അൽ ഹിലാലും സമാലെകും ഏറ്റുമുട്ടിയ സൂപ്പർ കപ്പിൽ ഹിലാൽ കിരീടമണിഞ്ഞു. 77,575 പേർ മത്സരത്തിന് സാക്ഷിയാവാൻ ഗാലറിയിലെത്തി. ഫിഫ വളന്റിയർ ഓറിയന്റേഷൻ പരിപാടിക്കും ലോകകപ്പിന് മുമ്പായി ബോളിവുഡ് മ്യൂസിക് ഫെസ്റ്റിനും വേദിയായാണ് സ്റ്റേഡിയം സർവസജ്ജമായത്.
ലുസൈൽ സ്റ്റേഡിയം
ലോകകപ്പിലെ ശേഷിച്ച രണ്ടു സ്ഥാനങ്ങളിലേക്ക് നാല് ടീമുകൾ മാറ്റുരച്ച ഇന്റർകോണ്ടിനെന്റൽ േപ്ല ഓഫ് മത്സരത്തിന് ജൂണിലായിരുന്നു ഖത്തർ വേദിയായത്. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആസ്ട്രേലിയ പെറുവിനെയും, കോസ്റ്ററീക ന്യൂസിലൻഡിനെയും തോൽപിച്ച് ലോകകപ്പിന് യോഗ്യത നേടിയ അവസാന രണ്ടു ടീമുകളായി മാറി.
കഴിഞ്ഞ രണ്ടു വർഷമായി ജീവിതത്തിന്റെ ഭാഗമായി മാറിയ കോവിഡ് വാക്സിനേഷൻ സ്റ്റാറ്റസ് ആപ്ലിക്കേഷൻ ‘ഇഹ്തിറാസ്’ നവംബർ ഒന്ന് മുതലാണ് ഒഴിവാക്കിയത്. കോവിഡിന്റെ ഭാഗമായി വിദേശ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയ ക്വാറൻറീനും ഈ വർഷം പകുതിയോടെ അവസാനിപ്പിച്ചു. കോവിഡ് വാക്സിനേഷൻ ബൂസ്റ്റർ ഡോസ് ഉൾപ്പെടെ പ്രതിരോധ പദ്ധതികളിൽ സമ്പൂർണ വിജയമായി മാറി.
ചാഢിലെ സംഘർഷങ്ങൾക്ക് അയവുവരുത്താൻ ദോഹ വേദിയായ ഉച്ചകോടി
നവംബർ 20ന് ലോകകപ്പ് പോരാട്ടങ്ങൾക്ക് കിക്കോഫ് കുറിച്ചു. പിന്നെയുള്ള 29 ദിനങ്ങൾ ഉജ്ജ്വല പോരാട്ടത്തിന്റെ നാളുകൾ. കരുത്തരായ അർജന്റീനയെ വീഴ്ത്തി സൗദി അറേബ്യ തുടക്കത്തിൽ നടത്തിയ വമ്പൻ അട്ടിമറിയോടെയായിരുന്നു കളിക്കളം സജീവമായത്. ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ ഏഷ്യൻ ടീമുകളും, ആഫ്രിക്കൻ കരുത്തുമായി സെമിഫൈനൽ വരെ കുതിച്ച മൊറോക്കോയും ഈ ലോകകപ്പിന്റെ ശ്രദ്ധേയ സംഘങ്ങളായി. ജർമനിയും ബെൽജിയവും ഗ്രൂപ് റൗണ്ടിൽ മടങ്ങിയപ്പോൾ സ്പെയിനും നിരാശപ്പെടുത്തി. നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ കീഴടക്കി അർജന്റീനയുടെ ചരിത്ര വിജയത്തിനും ഖത്തർ ലോകകപ്പ് സാക്ഷിയായി. 36 വർഷത്തിനു ശേഷം ലയണൽ മെസ്സിയിലൂടെ അർജന്റീനയുടെ കിരീട നേട്ടം.
അർജൻറീന ടീം ലോകകപ്പുമായി
ചരിത്രപാരമ്പര്യങ്ങളുടെ സൂക്ഷിപ്പിനും തലമുറകളിലേക്ക് പകരുന്നതിനും നിർണായക പങ്കുവഹിക്കുന്ന ഖത്തറിന്റെ നീക്കങ്ങളിൽ ശ്രദ്ധേയമായിരുന്നു മാർച്ച് അവസാന വാരത്തിൽ ഉദ്ഘാടനം ചെയ്ത ത്രീ ടു വൺ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം. പുരാതന കായിക ചരിത്രം മുതൽ ആധുനിക ഒളിമ്പിക്സും ഫുട്ബാളും ഉൾപ്പെടെ എല്ലാ കായിക മുഹൂർത്തങ്ങളും ഒരു കുടക്കീഴിൽ ഒരുക്കിയ ഒളിമ്പിക് മ്യൂസിയം കായികമേഖലയിൽ ഖത്തറിന്റെ വലിയ സംഭാവനയാണ്. കതാറ കള്‍ചറല്‍ വില്ലേജില്‍ പായ്ക്കപ്പല്‍ മ്യൂസിയം, പൊതുജനങ്ങള്‍ക്കുള്ള സാംസ്കാരിക ഇടമായി കോര്‍ണിഷില്‍ ഫ്ലാഗ് പ്ലാസ എന്നിവയും തുറന്നു.
ത്രീ ടു വൺ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം
ലോകകപ്പ് ഖത്തറിന്റെ വിനോദസഞ്ചാര മേഖലയിലും ഉണർവായി മാറുകയാണ്. ലുസൈൽ വിന്റർ വണ്ടർലാൻഡ്, ലുസൈൽ ബൊളെവാഡ്, ഖിതൈഫാൻ ഐലൻഡ് നോർത്, വെസ്റ്റ്ബേ നോർത്ത് ബീച്ച് പദ്ധതി, ഫുവൈരിത് കൈറ്റ് ബീച്ച് റിസോർട്ട്, ദോഹ സാൻഡ്സ്, മോടികൂട്ടിയ ദോഹ കോർണിഷ്, പുനർനിർമാണം നടത്തിയ വിവിധ ബീച്ചുകൾ ഉൾപ്പെടെ പുതുമയാർന്ന വിനോദ സഞ്ചാര പദ്ധതികളാണ് തയാറാക്കിയത്. ലോകകപ്പിനെത്തിയ 14 ലക്ഷത്തോളം സഞ്ചാരികളിലൂടെ ഖത്തറിന്റെ വിനോദസഞ്ചാര സാധ്യത ഇനി ലോകമറിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.