ദോഹ: ആഗോള സോഫ്റ്റ് പവർ സൂചികയിൽ വൻ മുന്നേറ്റം നടത്തി ഖത്തർ. ആഗോള ഗവേഷണ സ്ഥാപനമായ ബ്രാൻഡ് ഫിനാൻസ് പുറത്തുവിട്ട 193 രാജ്യങ്ങളുടെ പട്ടികയിൽ 22ാം സ്ഥാനമാണ് ഖത്തർ സ്വന്തമാക്കിയത്. അറബ് മേഖലയിൽ മൂന്നാം സ്ഥാനവും. യു.എ.ഇയും സൗദിയുമാണ് യഥാക്രമം 10, 20 സ്ഥാനങ്ങളിൽ ഖത്തറിന് മുന്നിലുള്ള ഗൾഫ് രാജ്യങ്ങൾ.
ഒരു രാജ്യത്തിന്റെ സാംസ്കാരികം, രാഷ്ടീയം, വിദേശനയം, സമ്പദ്വ്യവസ്ഥ, നയതന്ത്രം, സാമൂഹികസ്ഥിരത തുടങ്ങിയവയാണ് സോഫ്റ്റ് പവറിന് ആധാരമാകുന്നത്. ബിസിനസ് നേതാക്കൾ, നയരൂപകർത്താക്കൾ, സിവിൽ സൊസൈറ്റി വ്യക്തികൾ എന്നീ വിഭാഗത്തിൽ 1,73,000 പേരിൽ നിന്നുള്ളവരുടെ ഉൾക്കാഴ്ചകളുടെ അടിസ്ഥാനത്തിലാണ് ബ്രാൻഡ് ഫിനാൻസ് സോഫ്റ്റ് പവർ സൂചിക തയാറാക്കിയത്. ആഗോള സ്വാധീനം അളക്കുന്ന നാഷൻ ബ്രാൻഡ് വാല്യൂവിൽ 270 ബില്യൺ ഡോളറിന്റെ മൂല്യമാണ് ഖത്തറിനുള്ളത്.
ഗ്ലോബൽ സോഫ്റ്റ് പവർ സ്കോറിൽ 100ൽ 54.5 മാർക്കും ഖത്തർ സ്വന്തമാക്കി. 79.5 എന്ന സ്കോറുമായി അമേരിക്ക പട്ടികയിലെ ഒന്നാം സ്ഥാനം നിലനിർത്തി. ചൈന, യു.കെ, ജപ്പാൻ, ജർമനി എന്നിവയാണ് ആദ്യ അഞ്ചിൽ ഇടം നേടിയ മറ്റുരാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.