ദോഹ: ഖത്തറിൽ റേഷൻ വിതരണം വീടുകളിൽ നേരിട്ട് എത്തിക്കുന്നതിന് പുതിയ സംരംഭവുമായി വാണിജ്യ വ്യവസായ മന്ത്രാലയം. യോഗ്യരായ പൗരന്മാർക്ക് സബ്സിഡി നിരക്കിൽ ഭക്ഷ്യറേഷൻ വിതരണം ചെയ്യുന്നതിനായി പുതിയ ഹോം ഡെലിവറി സേവനം അവതരിപ്പിച്ചു.
റഫീഖ്, സ്നൂനു എന്നിവരുമായി സഹകരിച്ചാണ് ഈ സേവനം നടപ്പിലാക്കുന്നത്. പുതിയ സംരംഭത്തിന് കീഴിൽ, പൗരന്മാർക്ക് ഭക്ഷണ സാധനങ്ങൾ നേരിട്ട് അവരുടെ വീട്ടുപടിക്കൽ സ്വീകരിക്കാൻ കഴിയും. ഡെലിവറി പ്രക്രിയയിൽ വ്യക്തിവിവരങ്ങൾ സ്ഥിരീകരിക്കുന്നതിനും കൃത്യമായ ഡെലിവറി ഉറപ്പാക്കുന്നതിനുമായി ഗുണഭോക്താക്കൾക്ക് ഒരു വെരിഫിക്കേഷൻ കോഡ് ഉൾപ്പെടുത്തും. ഇത് സ്ഥിരീകരിച്ചായിരിക്കും ഹോം ഡെലിവറി. 25 റിയാൽ ഡെലിവറി ഫീസ് ബാധകമായിരിക്കും. റേഷൻ കാർഡിന് താഴെ അച്ചടിച്ചിരിക്കുന്ന എട്ട് അക്ക നമ്പർ നൽകി റഫീഖ്, സ്നൂനു മൊബൈൽ ആപ്ലിക്കേഷനുകൾ വഴി യോഗ്യരായ പൗരന്മാർക്ക് ഓർഡറുകൾ നൽകാം.
നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, ഗുണഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക, മികച്ച സേവന വിതരണം ഉറപ്പാക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
രാജ്യത്തെ അവശ്യ പൊതു സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പുകൂടിയാണ് ഈ സംരംഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.