ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് ആതിഥ്യമരുളുന്ന 974 സ്റ്റേഡിയം
ദോഹ: ലോകമെങ്ങുമുള്ള രുചിപ്പെരുമയും പാചക വൈവിധ്യവുമായി ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേള വീണ്ടുമെത്തുന്നു. 15ാമത് ഖത്തർ ഇന്റർനാഷനൽ ഫുഡ് ഫെസ്റ്റിവൽ 2026 ജനുവരി 14 മുതൽ 24 വരെ 974 സ്റ്റേഡിയത്തിൽ നടക്കും. ലോകത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള പാചക വിദഗ്ധരും രുചിക്കൂട്ടുകളും സംഗമിക്കുന്ന ഇടമാണ് ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേള. അന്താരാഷ്ട്രതലത്തിലേത് മുതൽ മെഡിറ്ററേനിയൻ, ഏഷ്യൻ, അറബിക് രുചി വൈവിധ്യങ്ങളുടെ കലവറയാണ് ഇത്തവണയും മേളയുടെ ആകർഷണം. ഖത്തറിന്റെ മുൻനിര സാംസ്കാരിക, പാചക ഉത്സവങ്ങളിലൊന്നാണ് അന്താരാഷ്ട്ര ഭക്ഷ്യമേള. 2022 ലോകകപ്പിലെ പ്രധാന വേദിയായ 974 സ്റ്റേഡിയത്തിലാണ് ഇത്തവണ മേള നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം നാലുമുതൽ രാത്രി 11 വരെയും വാരാന്ത്യങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ പുലർച്ച ഒരു മണി വരെയുമാണ് ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം. പ്രാദേശിക, അന്തർദേശീയ റെസ്റ്റാറന്റുകൾ, പ്രശസ്ത പാചകക്കാർ നയിക്കുന്ന തത്സമയ പാചക പ്രദർശനങ്ങൾ, കുടുംബ സൗഹൃദ പരിപാടികൾ, സാംസ്കാരിക സോണുകൾ, വിനോദം എന്നിവ ഉൾക്കൊള്ളിച്ച് വിപുലമായ രീതിയിലാണ് ഇത്തവണ ഭക്ഷ്യമേള എത്തുന്നത്. സന്ദർശകർക്ക് ദിവസേനയുള്ള വെടിക്കെട്ട്, പ്രദർശനങ്ങൾ, ഡിന്നർ ഇൻ ദി സ്കൈ, മാർക്കറ്റ് അനുഭവം എന്നിവ ആസ്വദിക്കാം. ആകർഷകമായ ഡ്രോൺ ഷോകൾ, പാചക സ്റ്റുഡിയോ, സംവേദനാത്മക സെഷനുകൾ, റെസ്റ്റാറന്റ് ഷോകേസുകൾ, മത്സരങ്ങൾ, ആകർഷകമായ ഇൻസ്റ്റാലേഷനുകൾ എന്നിവയും പരിപാടിയിൽ ഉൾപ്പെടും. 974 ഗ്രൗണ്ടിലുടനീളം ആകർഷമായ രുചി അനുഭവങ്ങളുടെ നീണ്ട നിര അവതരിപ്പിക്കുന്നതായിരിക്കും ഇത്തവണത്തെ മേള.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.