കതാറ കൾചറൽ വില്ലേജിൽ ആരംഭിച്ച ഖത്തർ ഹലാൽ ഫെസ്റ്റിവലിൽനിന്ന്
ദോഹ: കതാറ കൾചറൽ വില്ലേജിൽ പൈതൃകത്തനിമയാർന്ന അന്തരീക്ഷമൊരുക്കി 14ാമത് ഖത്തർ ഹലാൽ ഫെസ്റ്റിവലിന് തുടക്കം.
ആടുകളുടെ മഹോത്സവമായി അറിയപ്പെടുന്ന ഖത്തർ ഹലാൽ ഫെസ്റ്റിവൽ കതാറയിൽ നടക്കുന്ന ജനപ്രിയ മേളകളിലൊന്നായാണ് അറിയപ്പെടുന്നത്. ഫെബ്രുവരി 16വരെ നീളുന്ന ഫെസ്റ്റ് കതാറയുടെ തെക്ക് ഭാഗത്താണ് നടക്കുക. കാലി വളർത്തലുമായി ബന്ധപ്പെട്ട് പുരാതന സംസ്കാരത്തിന്റെ അറിവുകൾ പുതുതലമുറക്ക് പകർന്നു നൽകുന്നതിനും രാജ്യത്തിന്റെ ഭൂതകാലത്തെ വർത്തനമാന കാലവുമായി ബന്ധിപ്പിക്കുന്നതിനുമായാണ് പൈതൃകമേള നടക്കുന്നത്. ഖത്തറിന് അകത്തും പുറത്തുമുള്ള നിരവധി കന്നുകാലി വളർത്തൽ വിദഗ്ധർ മേളയിൽ പങ്കെടുക്കുന്നുണ്ട്.
മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പൈതൃക പരിപാടികളിലൊന്നായ ഖത്തർ ഹലാൽ ഫെസ്റ്റിവലിനെ അതിന്റെ പ്രതാപത്തോടെ അവതരിപ്പിക്കാൻ കതാറ പ്രതിജ്ഞാബദ്ധമാണെന്ന് കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതി പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിലെ വിജയത്തിന്റെ തുടർച്ചയായാണ് ഈ വർഷം മേള സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടക സമിതി അധ്യക്ഷൻ സൽമാൻ മുഹമ്മദ് അൽ നുഐമി വ്യക്തമാക്കി.
പഠനാർഹവും വിനോദപരവുമായ പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. പഴയ കാലിവിപണികൾ പുനരാവിഷ്കരിച്ച് അതിന്റെ തനിമ നിലനിർത്തിക്കൊണ്ടാണ് മേളയുടെ സ്റ്റാളുകൾ തയ്യാറാക്കിയിട്ടുള്ളത്.
കന്നുകാലികളുടെ വിവിധ മത്സരങ്ങൾക്കു പുറമേ പരമ്പരാഗത ഉൽപന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കുന്ന ബദുവിൻ ടെന്റുകളും പ്രാദേശിക വിപണിയും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, പെയിന്റിങ് പ്രദർശനം, പരമ്പരാഗത സംഗീതോപകരണമായ റബാബ സംഗീത അവതരണം എന്നിവ മേളക്ക് മിഴിവേകുന്നു.
കുട്ടികൾക്ക് വിനോദത്തിനായി ഒട്ടക സവാരിയും ആർട്ട് വർക്ക്ഷോപ്പുകളും ഒരുക്കിയിട്ടുണ്ട്. പാരമ്പരാഗത ഭക്ഷണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കൃഷി - വെറ്ററിനറി ഉപകരണങ്ങൾ എന്നിവ വിൽക്കുന്ന 17 പവിലിയനുകളും മേളയിൽ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.