ദോഹ: ജീവിതത്തിൽ തൊഴിലും താൽപര്യവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് തെളിയിക്കുകയാണ് സി.എ. നീത ജോളി. ആലപ്പുഴ സ്വദേശിനിയായ നീത, ഖത്തറിലെ ഒരു ഓഡിറ്റ് സ്ഥാപനത്തിൽ സീനിയർ ഓഡിറ്റ് മാനേജറായി സേവനമനുഷ്ഠിക്കുമ്പോഴും ചിത്രകലയോടുള്ള അഭിനിവേശം കൈവിടാതെ മുന്നേറുകയാണ്. കേരളത്തിലും ഖത്തറിലുമായി നിരവധി ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുള്ള നീതയുടെ ശ്രദ്ധേയമായ ഏകാംഗ പ്രദർശനങ്ങളാണ് ലളിതകലാ അക്കാദമിയിൽ നടന്ന ‘കളറിങ് ദി കൾചർ-പാർട്ട് വൺ’ എന്ന പ്രദർശനവും ഖത്തറിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ നടന്ന ‘കളറിങ് ദി കൾചർ-പാർട്ട് ടു’ പ്രദർശനവും.
ജൂൺ അഞ്ച്, ആറ് തീയതികളിൽ ലുസൈൽ ആർട്ട് ഫാക്ടറിയിൽ നടന്ന ‘റിപ്പിൾസ് ഓഫ് ലവ്’ എന്ന ചിത്രപ്രദർശനത്തിലൂടെ നീതയും മകൻ ജെഫ്രി ജെയിംസ് ജോളിയും ഒരുമിച്ച് കലാസ്വാദകരെ സ്വാഗതം ചെയ്തു. അമ്മയും മകനും ചേർന്ന് അവതരിപ്പിച്ച ഈ പ്രദർശനം സന്ദർശകരുടെ ഹൃദയം കീഴടക്കി. പ്രദർശനം ദോഹയിലെ ഒലിവ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രശസ്ത കലാകാരൻ ഡോ. ശ്രീകുമാർ പദ്മനാഭൻ പ്രദർശനത്തിന്റെ ക്യൂറേറ്ററായിരുന്നു. അൽ മൽക്കി ഗ്രൂപ്പിന്റെ ഇന്റേണൽ ഓഡിറ്റ് ഹെഡ് സി.എ. രാജീവ് സാഹ്നി, ഐ.സി.ബി.എഫ് പ്രസിഡന്റ് സി.എ. ഷാനവാസ് ബാവ, ഐ.സി.എ.ഐ ദോഹ ചാപ്റ്ററിന്റെ മുൻ ചെയർപേഴ്സൻ സി.എ. കിഷോർ അലക്സ്, നിലവിലെ ചെയർപേഴ്സൻ അരുണ്‍ സോമനാഥ് എന്നിവർ വിശിഷ്ടാതിഥികളായും ഗെസ്റ്റ് ഓഫ് ഓണറായും ചടങ്ങിൽ പങ്കെടുത്തു.
പ്രദർശനത്തിൽ സി.എ. നീത ജോളിയുടെ 15 അക്രിലിക് ചിത്രങ്ങളാണുണ്ടായിരുന്നത്. പ്രകൃതിയിലെ സ്നേഹവും വാത്സല്യവും, ഖത്തറിന്റെ മനോഹരമായ വാസ്തുശില്പഭംഗിയും പ്രകൃതി സൗന്ദര്യവും ആവിഷ്കരിക്കുന്ന ചിത്രങ്ങളാണ് അവ. സ്നേഹത്തിന്റെ വിവിധ ഭാവങ്ങളെ വർണങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ സൃഷ്ടികൾ. ദോഹയിലെ ഒലിവ് ഇന്റർനാഷനൽ സ്കൂളിൽ പഠിക്കുന്ന 14-കാരനായ ജെഫ്രി ജെയിംസ് ജോളി 25 ജലച്ചായ ചിത്രങ്ങളുമായാണ് പ്രദർശനത്തിൽ പങ്കെടുത്തത്. പ്രകൃതിയുടെ അനന്തമായ സൗന്ദര്യവും അമ്മ-കുഞ്ഞ് സ്നേഹത്തിന്റെ നൈർമല്യവും ജെഫ്രിയുടെ ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. ചിത്രരചനക്കൊപ്പം ഫുട്ബാളിലും പാചകകലകളിലും താൽപര്യമുള്ള ജെഫ്രി, തന്റെ സർഗാത്മകതയുടെ മറ്റൊരു മുഖവും ഈ പ്രദർശനത്തിലൂടെ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.