ദോഹ: ശൈത്യകാലമായിട്ടും കഴിഞ്ഞ ആഴ്ചയിലുണ്ടായ താപനിലയിലെ അപ്രതീക്ഷിത ഉയർച്ച ഇനി താഴ്ന്നുവരും. വാരാന്ത്യത്തോടെ രാജ്യം കൂടുതൽ തണുപ്പിലേക്ക് പോകുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തിയോടെ വീശിയടിക്കാൻ സാധ്യതയുണ്ടെന്നും അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ കാരണം ദൂര കാഴ്ചാ പരിധി ചിലയിടങ്ങളിൽ മൂന്ന് കിലോമീറ്ററിലും കുറയുമെന്നും മന്ത്രാലയം സൂചിപ്പിച്ചു. അഞ്ചടി മുതൽ ഏഴടി വരെ ഉയരത്തിൽ കടലിൽ തിരമാലയടിക്കാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ വകുപ്പ് പറഞ്ഞു. കഴിഞ്ഞ ആഴ്ച താപനിലയിൽ അപ്രതീക്ഷിതമായ ഉയർച്ച ഉണ്ടായത് ജനങ്ങളിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നതെന്നും എന്നാൽ വരും ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ കൂടുതൽ കുറവ് അനുഭവപ്പെടുമെന്നും സാധാരണ പോലെ അന്തരീക്ഷം തണുക്കുമെന്നും കാലാവസ്ഥാ വകുപ്പിലെ അബ്ദുല്ല മുഹമ്മദ് അൽ മന്നാഈ ദി പറഞ്ഞു. ഈ വർഷം മഴയുടെ അളവിൽ കുറവുണ്ടായതായും വരും ദിവസങ്ങളിൽ ചിലപ്പോൾ മഴ പെയ്തേക്കാമെന്നും എന്നാൽ ഇക്കാര്യത്തിൽ കൃത്യത ഇതുവരെ ഉറപ്പാക്കാനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബർ, ഡിസംബർ മാസങ്ങളിൽ മഴമേഘങ്ങളുടെ സാന്നിദ്ധ്യം ഇല്ലായിരുന്നെന്നും വരും ദിവസങ്ങളിൽ ഇതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അൽ മന്നാഈ വിശദീകരിച്ചു. ഡിസംബറിൽ ദോഹയിലെ കൂടിയ താപനില 24.4 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കുറഞ്ഞ താപനില 15.6 ആയിരിക്കുമെന്നും രാജ്യത്തിെൻറ തെക്കൻ ഭാഗങ്ങളിൽ കുറഞ്ഞ താപനിലെ 10 ഡിഗ്രി വരെ ആകുമെന്നും അൽ മന്നാഈ സൂചിപ്പിച്ചു. മുന്നറിയിപ്പ് സമയങ്ങളിൽ കടലുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.