ദോഹ: ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഹമാസിന്റെ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ നടപടികൾക്ക് ഖത്തർ ഒരുങ്ങുന്നതായി സൂചന. ഇസ്രായേൽ ആക്രമണത്തിനെതിരെ ഗൾഫ്-അറബ് രാജ്യങ്ങളുടെ ഒന്നിച്ചുള്ള പ്രതികരണമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതുസംബന്ധിച്ച സൂചനകളും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനി കഴിഞ്ഞദിവസം വ്യക്തമാക്കി.
ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സെപ്റ്റംബർ 14-15 തീയതികളിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിക്ക് ഖത്തർ ആതിഥേയത്വം വഹിക്കും. ആക്രമണത്തിനെതിരെ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വിശദമാക്കി. തുടർനടപടികൾ സംബന്ധിച്ച് മേഖലയിലെ മറ്റു പങ്കാളികളുമായി കൂടിയാലോചിച്ച് സ്വീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ഇസ്രായേൽ ഭീകരാക്രമണത്തിനെതിരെ തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം അംഗീകരിക്കില്ലെന്നും കഴിഞ്ഞദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഭവം നടന്നയുടനെ ഐക്യദാർഢ്യവുമായി വിവിധ അറബ് രാജ്യങ്ങളുടെ നേതാക്കൾ ഖത്തറിലെത്തിയിരുന്നു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് തുടങ്ങിയവരും ഈജിപ്ത്, പാകിസ്താൻ തുടങ്ങിയവരും ഖത്തറിൽ നേരിട്ടെത്തി പിന്തുണയർപ്പിക്കുകയും സ്ഥിതിഗതികൾ വിലയിരിത്തുകയും ചെയ്തു.
ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ട് ഖത്തർ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് കത്തയച്ചിരുന്നു. ആക്രമണത്തിനുശേഷമുള്ള നിലവിലെ സ്ഥിതിയും രാജ്യത്തിന്റെ നിലപാടും ഉൾക്കൊള്ളുന്ന സന്ദേശത്തിൽ ഇസ്രായേലിനെതിരെ നടപടിയും ആവശ്യപ്പെടുന്നു. ഇസ്രായേൽ ആക്രമണത്തിന് മറുപടിയായി ആഗോളതലത്തിൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനും ആലോചനകൾക്കുമായി ഖത്തർ മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ചുമതലപ്പെടുത്തിയ നിയമസംഘത്തിന്റെ ആദ്യ യോഗം വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫിയുടെ നേതൃത്വത്തിൽ നടന്നു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ഉറപ്പാക്കുന്നതിനും ഇസ്രായേലിനെതിരെ നിയമപരമായ നടപടികളുംസ്വീകരിക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.