സാൻഡ്റസ്റ്റിലെ റോയൽ മിലിറ്ററി അക്കാദമി സന്ദർശിച്ച അമീർ ശൈഖ് തമീം ബിൻ ഹമദ്
ആൽഥാനി സൈനിക മേധാവികൾക്കൊപ്പം
ദോഹ: രാജകീയ വരവേൽപ്പും നയതന്ത്ര, നിക്ഷേപ ചർച്ചകളും കൂടിക്കാഴ്ചകളുമായി ശ്രദ്ധേയമായ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ബ്രിട്ടൻ സന്ദർശനം ബുധനാഴ്ച പൂർത്തിയായി. മൂന്നു ദിവസം നീണ്ട സന്ദർശനത്തിന്റെ ഭാഗമായി നിർമിതബുദ്ധിയിലെ ഗവേഷണം, ഫിൻടെക്, ഗ്രീൻ ഫിനാൻസ്, ഊർജ പദ്ധതികൾ ഉൾപ്പെടെ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് ധാരണയായി.
യൂറോപ്പിലെ അടുത്ത സൗഹൃദ രാഷ്ട്രമായ ബ്രിട്ടനിൽ വൻ നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്താണ് സന്ദർശനം പൂർത്തിയായത്. 2027ഓടെ 2000 കോടി പൗണ്ട് വരെ നിക്ഷേപിക്കാനാണ് ധാരണ. നിലവില്‍ ബ്രിട്ടനില്‍ ഖത്തറിന് 40 ബില്യണ്‍ പൗണ്ടിന്റെ നിക്ഷേപമുണ്ട്. രണ്ടു വര്‍ഷത്തിനകം 19.5 ബില്യണ്‍ പൗണ്ട് കൂടി നിക്ഷേപിക്കുമെന്ന് വാർത്ത ഏജൻസികളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബ്രിട്ടനിലെ കാലാവസ്ഥ വ്യതിയാന സാങ്കേതികവിദ്യയില്‍ ഖത്തര്‍ 130 കോടി പൗണ്ട് നിക്ഷേപം നടത്തും. നേരത്തെ ഖത്തര്‍ ധാരണയിലെത്തിയിരുന്ന റോള്‍സ് റോയിസിന്റെ പരിസ്ഥിതി സൗഹൃദ ഊര്‍ജ പദ്ധതിയിലേക്ക് നൂറുകോടി പൗണ്ടാണ് നിക്ഷേപിക്കുന്നത്.
ഇതിനുപുറമെ അമീറിന്റെ സൈനിക പരിശീലനകാലം ചെലവഴിച്ച സാൻഡ്റസ്റ്റിലെ റോയൽ മിലിറ്ററി ആസ്ഥാനത്ത് പുതിയ സംരംഭത്തിന് 2.5 കോടി പൗണ്ട് നിക്ഷേപവും പ്രഖ്യാപിച്ചു. റോയല്‍ മിലിറ്ററി ആസ്ഥാനത്ത് ലീഡര്ഷിപ് ആൻഡ് ടെക്നോളജി സെന്റര്‍ സ്ഥാപിക്കാനാണ് പണം ചെലവഴിക്കുക. സൈനിക ഉദ്യോഗസ്ഥര്‍ക്ക് നേതൃപാഠവവും സാങ്കേതിക പരിജ്ഞാനവും നല്കുന്ന രീതിയിലായിരിക്കും ഇവിടത്തെ പരിശീലന പദ്ധതികള്‍. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള സൈനികര്‍ക്ക് ഇവിടെ പരിശീലനത്തിന് അവസരമുണ്ടാകും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അൽഥാനിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സഹായ പ്രഖ്യാപനം.
ഖത്തറിലെ ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റിയും ലണ്ടനിലെ ക്വീൻ മേരി യൂനിവേഴ്സിറ്റിയും സംയുക്തമായി നിർമിത ബുദ്ധിയിലെ ഗവേഷണ കമീഷൻ സ്ഥാപിക്കാനും ധാരണയായി. ക്യു.എം.യു.എല്ലിലെ വിദഗ്ധ സംഘം നയിക്കുന്ന പഠന ഗവേഷണവുമായി ഖത്തർ വിദേശകാര്യ മന്ത്രാലയം, വിവരസാങ്കേതിക മന്ത്രാലയത്തിലെ എ.ഐ കമ്മിറ്റി, ക്യു.ആർ.ഡി.ഐ, ബ്രിട്ടീഷ് എംബസി എന്നിവരുടെ പിന്തുണയുമുണ്ടാകും.
സന്ദർശനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുമായും കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.