ദോഹ: ശനിയാഴ്ച രണ്ടുപേർ കൂടി മരിച്ചതോടെ ഖത്തറിൽ ആകെ കോവിഡ് മരണം 51 ആയി. 1700 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ശനിയാഴ്ച 1592 പേർ കൂടി രോഗമുക്തരായി. ഇതോടെ ആകെ രോഗം മാറിയവർ 42,527 ആയി. ആകെ 2,51,391 പേരെ പരിശോധിച്ചപ്പോൾ 67,195 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്. നിലവിലെ രോഗികൾ 24617 ആണ്. 1636 പേരാണ് വിവിധ ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 193 പേർ ഇന്നലെ എത്തിയവരാണ്. 238 പേരാണ് ആകെ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നത്. 15പേർ കൂടി ഇന്നലെ ഈ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ടു.
അതേസമയം, ഹൈപ്പർമാർക്കറ്റുകൾക്കും ഷോപ്പിങ് സെൻററുകൾക്കും പിന്നാലെ രാജ്യത്തെ ബാങ്കുകളും പ്രവേശനത്തിന് ഉപഭോക്താക്കൾക്ക് കോവിഡ് സുരക്ഷാ ആപ്പ് ആയ ‘ഇഹ്തിറാസ്’ നിർബന്ധമാക്കി. ആപ്പിൽ പച്ച നിറത്തിലുള്ള സ്റ്റാറ്റസ് കാണിക്കുന്നവർക്ക് മാത്രമേ ബാങ്ക് ശാഖകളിൽ പ്രവേശനം അനുവദിക്കൂവെന്ന് വ്യക്തമാക്കി ഉപഭോക്താക്കൾക്ക് ബാങ്കുകൾ സന്ദേശം അയച്ചിട്ടുണ്ട്.
ജൂൺ ഏഴ് ഞായർ മുതൽ ബാങ്കുകളിൽ ഇത്തരത്തിലുള്ളവർക്ക് മാത്രമേ പ്രവേശനമുള്ളൂവെന്ന് ബർവ ബാങ്ക്, കൊമേഴ്സ്യൽ ബാങ്ക് എന്നിവ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.