ദോഹ: ഏവിയേഷൻ നിയമലംഘനത്തെ തുടർന്ന് ട്രാവൽ, എയർ കാർഗോ ഏജൻസികൾക്കെതിരെ നടപടിയുമായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി. എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ ട്രാവൽ, എയർ കാർഗോ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകൾക്കൊടുവിലാണ് നടപടി.
പരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ രണ്ട് ഏജൻസികൾ അടച്ചുപൂട്ടി. കൂടാതെ നിയമങ്ങളും നിബന്ധനകളും ലംഘിച്ച 10 ഏജൻസികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുകയും ചെയ്തു. തുടർ ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അതോറിറ്റിയുടെയോ ബന്ധപ്പെട്ട വകുപ്പുകളുടെയോ മുൻകൂർ അനുമതിയും ലൈസൻസുമില്ലാതെ ട്രാവൽ, എയർ കാർഗോ സേവനങ്ങൾ നൽകരുതെന്ന് നിർദേശമുണ്ട്.
2025-ലെ നിയമം നമ്പർ (3)-ലെ ആർട്ടിക്കിൾ (3) വ്യവസ്ഥകൾ കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുമതിയുള്ളൂ എന്നും, നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.