ദോഹ: ലോകകപ്പ് ഫുട്ബാളിന്റെ ആഘോഷം കൊടിയിറങ്ങിയതിനുപിന്നാലെ ലോകമെങ്ങുമുള്ള വിശ്വാസികൾക്കൊപ്പം ഖത്തറിലെയും ക്രൈസ്തവ സമൂഹം തിരുപിറവിയുടെ ആഘോഷത്തിൽ. അവധിക്കാലം തുടങ്ങുകയും പുതുവർഷത്തിനുള്ള കാത്തിരിപ്പിനുമിടയിലെത്തുന്ന ക്രിസ്മസ് ആഘോഷങ്ങൾക്ക് ദിവസങ്ങൾക്കുമുമ്പുതന്നെ തുടക്കം കുറിച്ചു കഴിഞ്ഞു.
പള്ളികളിൽ നടക്കുന്ന ചടങ്ങുകൾക്കുപുറെമ, വീടുകളിലും വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ആഘോഷപരിപാടികൾ സജീവമാണ്. ഖത്തറിൽ വിവിധ മലയാളി ഇടവകകളുടെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികളാണ് ക്രിസ്മസിനെ വരവേൽക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്. കരോൾ ഗാനാലാപനം, പുൽക്കൂട് ഒരുക്കൽ, ക്രിസ്മസ് ട്രീ അലങ്കരിക്കൽ തുടങ്ങിയ പരിപാടികളും വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
മുൻവർഷങ്ങളെ അപേക്ഷിച്ച്, കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ലാതെ പഴയകാലത്തെ അനുസ്മരിച്ചുകൊണ്ടാണ് ഇത്തവണ ക്രിസ്മസ് ചടങ്ങുകൾക്കൊരുങ്ങുന്നത്. വൈവിധ്യമാർന്ന അലങ്കാരങ്ങളും നക്ഷത്രവിളക്കുമായി അബൂ ഹമൂർ ഐ.ഡി.സി.സി കോംപ്ലക്സ് നേരത്തേ തന്നെ പ്രകാശപൂരിതമായി. മാളുകളിലും ഹൈപ്പർമാർക്കറ്റുകളിലും ക്രിസ്മസ്-പുതുവത്സര ആഘോഷത്തിനായി വിവിധയിനം കേക്കുകൾ ഒരുക്കി സജ്ജമായി. ക്രിസ്മസ് ട്രീകൾക്കും ആവശ്യക്കാർ ഏറെയുണ്ടായിരുന്നു. രാജ്യത്തെ എല്ലാ ഹൈപ്പർ മാർക്കറ്റുകളിലും ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്കായി പ്രത്യേക വിഭാഗം തന്നെയുണ്ട്.
അബൂഹമൂറിലെ ചർച്ച് കോംപ്ലക്സാണ് മലയാളികൾ ഉൾപ്പെടെ ക്രൈസ്തവ സമൂഹത്തിന്റെ ആഘോഷങ്ങളുടെ കേന്ദ്രം. 24ന് അർധരാത്രിയിലും, ക്രിസമസ് ദിനത്തിൽ രാവിലെയും വിവിധ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയോടെ കൂടി ആരാധന നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.