അമീർ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്ങിനൊപ്പം
ദോഹ: ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങളിലൊന്നായ ചൈനയുമായി സൗഹൃദം ഊട്ടിയുറപ്പിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സന്ദർശനം. ബെയ്ജിങ്ങിൽ വെള്ളിയാഴ്ച ആരംഭിച്ച ശീതകാല ഒളിമ്പിക്സിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനായി എത്തിയ അമീർ ശനിയാഴ്ച ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. ടിയാൻമെൻ സ്ക്വയറിലെ 'ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിൾ' ഹാളിലായിരുന്നു ചൈനീസ് പ്രസിഡന്‍റും മുതിർന്ന നേതാക്കളും ഉൾപ്പെടെയുള്ള സംഘവുമായുള്ള കൂടിക്കാഴ്ച. വ്യാപാര-വാണിജ്യ നിക്ഷേപ മേഖലകളിലും കായിക മേഖലയിലും പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിൽ സന്ദർശനം നിർണായകമായി. ഈ വർഷാവസാനം നടക്കുന്ന ഖത്തർ ലോകകപ്പിന്‍റെ സംഘാടനത്തിൽ വിവിധ മേഖലകളിൽ ചൈനയുടെ സഹകരണവും ചർച്ചയായി.
ഇരു സൗഹൃദരാജ്യങ്ങളുടെയും ജനങ്ങളുടെയും പൊതു താൽപര്യ വിഷയങ്ങൾ ചർച്ചയായി. സാമ്പത്തിക, ഊർജ, വ്യവസായ, ടൂറിസ മേഖലകളിൽ തന്ത്രപരമായ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രാധാന്യങ്ങൾ അമീർ ചൂണ്ടിക്കാണിച്ചു. ഖത്തർ -ചൈന ഉഭയകക്ഷി -നയതന്ത്ര ബന്ധങ്ങളും വിലയിരുത്തി. ഖത്തർ ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്‍റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി, അമിരി കോർട്ട് മേധാവി ശൈഖ് സൗദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി, സുരക്ഷാമേധാവി (ഇന്‍റലിജൻസ് സർവിസ്) അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, ചൈനയിലെ അംബാസഡർ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ദുഹൈമി എന്നിവർ അമീറിനൊപ്പം ചർച്ചയിൽ പങ്കാളികളായി.
പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻഖാനുമായും അമീർ ബെയ്ജിങിൽ ചർച്ച നടത്തി. രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ശനിയാഴ്ച തന്നെ അമീർ ബെയ്ജിങ്ങിൽനിന്ന് മടങ്ങി. ഫെബ്രുവരി നാല് മുതൽ 20 വരെ നടക്കുന്ന ശീതകാല ഒളിമ്പിക്സിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ ചൈനീസ് പ്രസിഡന്‍റിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അമീറിന്‍റെ നേതൃത്വത്തിൽ ഉന്നത സംഘം ബെയ്ജിങ്ങിലെത്തിയത്. വെള്ളിയാഴ്ച ബേർഡ്സ് നെസ്റ്റ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ അമീർ പങ്കെടുത്തിരുന്നു. ബെയ്ജിങ്ങിൽ നൽകിയ ഊഷ്മള വരവേൽപിന് അമീർ ചൈനീസ് പ്രസിഡന്‍റിന് നന്ദി അറിയിച്ചാണ് മടങ്ങിയത്. കഴിഞ്ഞയാഴ്ചയിലെ അമേരിക്കൻ സന്ദർശനത്തിന് പിന്നാലെയാണ് അമീർ ജനസംഖ്യയിലും സമ്പത്തിലും ലോകത്തെ ഏറ്റവും ശക്തമായ രാജ്യമായ ചൈനയിലെ സന്ദർശനത്തിനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.