‘ഓരോ അഭയാർഥി കൂടാരത്തിനും ഒരു കഥയുണ്ട്’ കാമ്പയിനുമായി ഖത്തർ ചാരിറ്റി

ദോഹ: ജൂൺ 20 ലോക അഭയാർഥി ദിനത്തോടനുബന്ധിച്ച് വൻ മാനുഷിക സഹായ കാമ്പയിൻ ആരംഭിച്ച് ഖത്തർ ചാരിറ്റി. ‘ഓരോ അഭയാർഥി കൂടാരത്തിനും ഒരു കഥയുണ്ട്’ പ്രമേയത്തിലാണ് കാമ്പയിൻ. ലോകമെമ്പാടുമുള്ള അഭയാർഥി ജനത നേരിടുന്ന ദുരിതങ്ങൾ എടുത്തുകാട്ടുകയും അവരുടെ ഭാവിക്കുള്ള പ്രതീക്ഷകൾ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.

അഫ്ഗാനിസ്ഥാൻ, സുഡാൻ, സോമാലിയ, യമൻ, മ്യാൻമർ (റോഹിങ്ക്യൻ അഭയാർഥികൾ), സിറിയ, ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് വൻതോതിൽ സഹായമെത്തിക്കും. ഭക്ഷണം, ശുദ്ധമായ വെള്ളം, ശുചിത്വ സേവനങ്ങൾ, പാർപ്പിട സഹായം, ആരോഗ്യ പരിരക്ഷ, കുട്ടികൾക്കുള്ള വിദ്യാഭ്യാസം, അഭയാർഥികളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്ന പരിപാടികൾ എന്നിവ കാമ്പയിനിന്റെ ഭാഗമാണ്. ഖത്തർ ചാരിറ്റിയുടെ കമ്മ്യൂണിക്കേഷൻസ് ആൻഡ് കമ്മ്യൂണിറ്റി ഇംപാക്ട് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ അസീസ് ജാസിം ഹിജ്ജി പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പിന്തുണ അഭ്യർഥിച്ചു.

ഖത്തർ ചാരിറ്റിയുടെ വെബ്സൈറ്റ്, മൊബൈൽ ഫോൺ ആപ്, ആപ്ലിക്കേഷൻ വഴിയുള്ള ഹോം കലക്ടർ സേവനം, ഖത്തർ ചാരിറ്റി ശാഖകൾ, ഷോപ്പിങ് മാളുകളിലെ കൗണ്ടറുകൾ എന്നിവ വഴി പൊതുജനങ്ങൾക്ക് സംഭാവന നൽകാം. 44290000 എന്ന ഹോട്ട് ലൈൻ നമ്പറിലും ബന്ധപ്പെടാം.

2025ൽ ഖത്തർ ചാരിറ്റി 64.5 കോടി റിയാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചുവെന്നും ഒരുകോടി ആളുകൾക്ക് സഹായമെത്തിച്ചുവെന്നും അബ്ദുൽ അസീസ് ജാസിം ഹിജ്ജി വ്യക്തമാക്കി.

Tags:    
News Summary - Qatar Charity launches ‘Every Refugee Tent Has a Story’ campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.