ദോഹ: ലോകോത്തര വിമാനക്കമ്പനിയായ ഖത്തർ എയർവേസിന് അന്താരാഷ്ട്ര വ്യോമയാന രംഗത്ത് വീണ്ടും അഭിമാന നേട്ടം. സിരിയം പുറത്തുവിട്ട 2025ലെ ഓൺ ടൈം പെർഫോമൻസ് റിവ്യൂവിൽ ലോകത്തിലെ ഏറ്റവും വിശ്വസനീയമായ അഞ്ച് വിമാനക്കമ്പനികളിലൊന്നായി ഖത്തർ എയർവേസിനെ തിരഞ്ഞെടുത്തു.
സമയനിഷ്ഠയിൽ 84.42 ശതമാനം കൃത്യത കൈവരിച്ചാണ് ഖത്തർ എയർവേസ്, വ്യോമയാന രംഗത്തെ ഉന്നത ബഹുമതിയായ എയർലൈൻ പ്ലാറ്റിനം അവാർഡ് സ്വന്തമാക്കിയത്. ആറ് ഭൂഖണ്ഡങ്ങളിലായി ഒരു വർഷം 1,98,303ലധികം സർവിസുകൾ നടത്തി അഭിമാനാർഹമായ നേട്ടമാണ് ഖത്തർ എയർവേസ് സ്വന്തമാക്കിയത്. 2024ൽ 82.83 ശതമാനം കൃത്യനിഷ്ഠ നിരക്കുമായി മികച്ച പ്രകടനം നടത്തിയ ഖത്തർ എയർവേസ്, 2025ൽ അത് 84.42 ശതമാനമായി ഉയർത്തി. കാലാവസ്ഥാ വ്യതിയാനം, ആഗോള രാഷ്ട്രീയ പ്രശ്നങ്ങൾ മൂലമുള്ള ആകാശപാത നിയന്ത്രണങ്ങൾ തുടങ്ങിയ വെല്ലുവിളികൾക്കിടയിലും ഖത്തർ എയർവേസ് കൈവരിച്ച മുന്നേറ്റം വിമാനക്കമ്പനിയുടെ കാര്യക്ഷമതയുടെ തെളിവാണ്.
വ്യോമയാന രംഗത്തെ കൃത്യനിഷ്ഠ അളക്കുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ മാനദണ്ഡമാണ് സിരിയം ഓൺ ടൈം പെർഫോമൻസ് റിവ്യൂ. വിമാനങ്ങൾ നിശ്ചയിച്ച സമയത്തിന് 15 മിനിറ്റിനുള്ളിൽ തന്നെ ഗേറ്റിലെത്തുകയാണെങ്കിൽ അതിനെ കൃത്യനിഷ്ഠതയുള്ള സർവിസായി കണക്കാക്കുന്നു. 600ലധികം സ്രോതസ്സുകളിൽ നിന്നുള്ള ഡേറ്റ വിശകലനം ചെയ്താണ് ഫലം തയാറാക്കുന്നത്.
കേവലം സമയം പാലിക്കുന്നത് മാത്രമല്ല, വിപുലമായ റൂട്ട് നെറ്റ്വർക്കുകളിൽ അസാധാരണമായ പ്രവർത്തന നിയന്ത്രണവും സ്ഥിരതയും പ്രകടിപ്പിക്കുന്ന കാരിയറുകളെയാണ് അവാർഡിന് പരിഗണിക്കുന്നത്. വിമാന സർവിസുകളുടെ എണ്ണം, നെറ്റ് വർക്ക് സങ്കീർണത, അപ്രതീക്ഷിത തടസ്സങ്ങളെ അതിജീവിക്കാനുള്ള ശേഷി എന്നിവ കൂടി പരിഗണിച്ചാണ് ഈ പുരസ്കാരം നൽകുന്നത്.
ഖത്തർ എയർവേസിന്റെ പ്രവർത്തന മികവിനെ സിരിയം സി.ഇ.ഒ ജെറമി ബോവൻ പ്രശംസിച്ചു. ഇത്രയും വലിയ ശൃംഖലയിൽ കൃത്യത പുലർത്തുന്നത് എയർലൈനിന്റെ മികച്ച ആസൂത്രണത്തെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 90.02 ശതമാനം കൃത്യനിഷ്ഠയോടെ മെക്സികോയുടെ 'ഏറോ മെക്സികോ' ആണ് പട്ടികയിൽ ഒന്നാമത്. സൗദിയ, എസ്.എ.എസ്, അസുൽ തുടങ്ങിയ എയർലൈനുകളും ആദ്യ പത്തിൽ ഇടംപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.