സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്

പിന്തുണയുമായി ലോക നേതാക്കൾ


ദോഹ: ഇറാന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിന് പിന്തുണയുമായി ലോക നേതാക്കളും വിവിധ അന്താരാഷ്ട്ര സംഘടനകളുടെ നേതാക്കളും രംഗത്തുവന്നു. സംഭവത്തിൽ ശക്തമായി അപലപിച്ച നേതാക്കൾ ഇത് രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നാക്രമണമാണെന്നും ദേശീയ സുരക്ഷയെ ബാധിക്കുന്നതാണെന്നും വ്യക്തമാക്കി. ഖത്തറിന് പൂർണ്ണ ഐക്യദാർഢ്യവുമായെത്തിയ സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സംഭവത്തിൽ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനായി ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടിക്കും അദ്ദേഹം പിന്തുണയും ആവർത്തിച്ചു. കഴിഞ്ഞദിവസം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ഫോൺ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഖത്തറിന് പിന്തുണ അറിയിച്ചത്. മേഖലയിലെ പുതിയ സംഭവവികാസങ്ങളിൽ ആശങ്കകൾ പങ്കുവെച്ച അദ്ദേഹം മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുടുതൽ ഏറ്റുമുട്ടലുകളിലേക്ക് പോകുന്നത് തടയുന്നതിനും സംഘർഷങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

മേഖലയിലെ ഏറ്റവും പുതിയ സുരക്ഷാ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ചചെയ്ത് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാനുമായി ഫോൺ സംഭാഷണത്തിലേർപ്പെട്ടു. ഖത്തർ, യു.എ.ഇ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഇരുവരും അപലപിച്ചു. സംഘർഷങ്ങൾ പ്രാദേശിക, അന്തർദേശീയ സമാധാനത്തിലും സ്ഥിരതയിലും ചെലുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ആശങ്ക പങ്കുവെച്ച നേതാക്കൾ, മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സംഘർഷങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കുന്നതിനും സംഭാഷണത്തിന്റെ വഴികൾ ഇരുകൂട്ടരും ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. പരമാധികാരം സംരക്ഷിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനം തുടരുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി.

ഖത്തറിന് ഐക്യദാർഢ്യം അറിയിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സംഭവത്തിൽ അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന ഏതൊരു നടപടിക്കും അദ്ദേഹം പിന്തുണയും അറിയിച്ചു. സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്നും മേഖലയുടെ സുരക്ഷ സംരക്ഷിക്കുന്നതിനും കൂടുതൽ പിരിമുറുക്കങ്ങളിൽ നിന്നും ഏറ്റുമുട്ടലുകളിൽ നിന്നും ഇരു കൂട്ടരും പിന്മാറണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്തഹ് അൽസീസി, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ എന്നിവരും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ വിളിച്ച് ഐക്യദാർഢ്യമറിയിച്ചു.

Tags:    
News Summary - World leaders with support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-28 07:56 GMT