ഹാഇലിലേക്ക് ഖത്തർ എയർവേസ് സർവിസ് ആരംഭിച്ചു

ഹായിൽ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സൗദി അറേബ്യയിലെ ഹാഇലിലേക്ക് ഖത്തർ എയർവേസ് വിമാന സർവിസ് ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് വിമാനങ്ങളാണ് സർവിസ് നടത്തുക. സൗദി അറേബ്യയിലേക്ക് ഖത്തർ എയർവേസ് സർവിസ് നടത്തുന്ന 13ാമത്തെ നഗരമാണ് ഹാഇൽ. സൗദി വ്യോമയാന വിപണിക്ക് നൽകുന്ന പ്രാധാന്യവും രാജ്യാന്തര ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഖത്തർ എയർവേസ് പുതിയ സർവിസ് ആരംഭിച്ചത്. സൗദി അറേബ്യയുടെ വടക്കൻ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹാഇൽ, ചരിത്രപരമായും സാംസ്കാരിക പൈതൃകത്തിനും പ്രകൃതിഭംഗിക്കും പേരുകേട്ട സ്ഥലമാണ്.

പുരാതന വ്യാപാര-തീർഥാടന പാതയിലെ പ്രധാന ഇടത്താവളമായിരുന്ന ഇവിടെ ആയിരക്കണക്കിന് വർഷം പഴക്കമുള്ള, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട സ്ഥലങ്ങളുമുണ്ട്. ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗദിയുടെ വടക്കൻ മധ്യമേഖലയിലേക്ക് എളുപ്പത്തിൽ എത്താൻ ദോഹ വഴിയുള്ള കണക്റ്റിവിറ്റി സർവിസ് സഹായകമാകും. ഹാഇൽ കൂടി ഉൾപ്പെട്ടതോടെ അബഹ, അൽ ഉല, ദമ്മാം, ജിദ്ദ, മദീന, നിയോം, ഖസീം, റിയാദ്, തബൂക്ക്, താഇഫ്, റെഡ് സീ, യാൻബു എന്നിങ്ങനെ സൗദിയിലെ 13 നഗരങ്ങളിലായി ആഴ്ചയിൽ 150ലധികം വിമാന സർവിസുകളാണ് ഖത്തർ എയർവേസ് നടത്തുക. 2025 ൽ ലോകത്തിലെ മികച്ച എയർലൈനായി സ്കൈട്രാക്സ് തിരഞ്ഞെടുത്ത ഖത്തർ എയർവേസ്, നിലവിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലോകമെമ്പാടുമുള്ള 170ലധികം സ്ഥലങ്ങളിലേക്ക് സർവിസ് നടത്തുന്നുണ്ട്.

Tags:    
News Summary - Qatar Airways launches service to Hail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.