ദോഹ: അബൂദബി-ദോഹ റൂട്ടിൽ പ്രതിദിന സർവിസുകളുടെ എണ്ണം വർധിപ്പിക്കാൻ ഖത്തർ എയർവേസ് തീരുമാനം. ജൂലൈ 10മുതൽ ഈ റൂട്ടിലെ പ്രതിദിന സർവിസ് മൂന്ന് സർവിസുകൾ നടത്തുമെന്ന് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. സർവിസ് വർധിപ്പിക്കുന്നത് മേഖലയിലെ വിമാന യാത്ര കൂടുതൽ അനായാസമാക്കുമെന്നും രാജ്യാന്തര കണക്ടിവിറ്റി വിപുലപ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇതോടെ, അബൂദബിയിൽ നിന്നും ദോഹയിലേക്ക് ആഴ്ചയിൽ 21 സർവിസുകളായി മാറും. യു.എ.ഇയിലെ പ്രധാന നഗരങ്ങളായ ദുബൈ, ഷാർജ, അബൂദബി എന്നിവിടങ്ങളിൽ നിന്നും ആഴ്ചയിലെ സർവിസുകളുടെ എണ്ണം 56 ആയി ഉയരും.
നിലവിൽ അബൂദബി-ദോഹ റൂട്ടിൽ ആഴ്ചയിൽ 14 സർവിസുകളാണ് ഖത്തർ എയർവേസ് നടത്തുന്നത്. ഇത്, 21 ആയി വർധിക്കുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ യാത്ര സൗകര്യം കൂടുതൽ മെച്ചപ്പെടുമെന്ന് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. ദോഹയുമായുള്ള കണക്ടിവിറ്റി കൂടുതൽ ശക്തമാവുന്നതോടെ യു.എസ്, യൂറോപ്പ്, മറ്റ് ഏഷ്യൻ രാജ്യങ്ങൾ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് അബൂദബിയിൽ നിന്നുള്ള യാത്രക്കാർക്ക് എളുപ്പത്തിൽ ട്രാൻസിറ്റ് ചെയ്യാൻ കഴിയും. മേഖലയിലെ ഏറ്റവും വലിയ ട്രാൻസിറ്റ് ഹബായി മാറുന്ന ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം, ലോകകപ്പിന്റെ ഭാഗമായി കൂടുതൽ വിശാലമായിരിക്കുകയാണ്. ലോകകപ്പ് കാലത്ത് ഗൾഫ് രാജ്യങ്ങളിലെ ആരാധകർക്ക് ഖത്തറിലെത്തി കളികണ്ട് മടങ്ങാനുള്ള മാച്ച് ഡേ ഷട്ടിൽ സർവിസ് സംബന്ധിച്ച് നാല് ഗൾഫ് വിമാനക്കമ്പനികളുമായി കഴിഞ്ഞ ദിവസമാണ് കരാറിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.