ഇലക്​ട്രിക്​ ബസ്​ ചാർജിങ്​ പോയൻറ്​ പൊതുഗതാഗത മന്ത്രി ജാസിം ബിൻ സെയ്​ഫ്​ അൽ സുലൈതി ഉദ്​ഘാടനം ചെയ്യുന്നു 

ദോഹ: അന്തരീക്ഷമലിനീകരണമോ കാർബൺ പുറന്തള്ളലോ ഇല്ലാത്ത രാജ്യം എന്ന ലക്ഷ്യവുമായി ഖത്തർ മുന്നോട്ട്. അതിൻെറ ഭാഗമായി മുവാസലാത്തിൻെറ ഇലക്​ട്രിക്​ ബസ്​ ചാർജിങ്​ സ്​റ്റേഷൻ ഗതാഗത, കമ്യൂണിക്കേഷൻ മന്ത്രി ജാസിം ബിൻ സെയ്​ഫ്​ അൽ സുലൈതി ഉദ്​ഘാടനം ചെയ്​തു. അതിനിടെ, ഇതേ ദിവസംതന്നെ 2022 ​ഫിഫ ലോകകപ്പ്​ ലക്ഷ്യമിട്ട്​ ഗതാഗതമന്ത്രാലയം ഇറക്കുമതി ചെയ്​ത ആദ്യ ബാച്ച്​ ഇലക്​ട്രിക്​ ബസുകളും രാജ്യത്തെത്തി. കാർബൺ പുറന്തള്ളാത്തതും പരിസ്​ഥിതിസൗഹൃദവുമായി പൊതുഗതാഗത സംവിധാനമൊരുക്കുന്നതിൻെറ ഭാഗമായാണ്​ 'കർവ'യുടെ കീഴിൽ കൂടുതൽ ഇലക്​ട്രിക്​ ബസുകൾ സർവിസിന്​ ഒരുങ്ങുന്നത്​. 350 കിലോവാട്ട്​ ലിഥിയം അയേൺ ബാറ്ററിയുള്ളതാണ്​ പുതിയ ബസുകൾ. ഒരുതവണ ചാർജ്​ ചെയ്​താൽ 200 കിലോമീറ്റർ ദൂരം ഓടാൻ കഴിയും.

പൊതുവാഹന ഗതാഗതസംവിധാനം കൂടുതൽ ഇലക്​ട്രിക്​ അനുബന്ധമാക്കിമാറ്റാനുള്ള ​ഗതാഗത മന്ത്രാലയത്തിൻെറ പ്രവർത്തനങ്ങളിൽ നിർണായകമാണ്​ ബസ്​ ചാർജിങ്​ പോയൻറുകൾ സ്​ഥാപിച്ചതിലൂടെ യാഥാർഥ്യമാവുന്നത്​. 2030ഓടെ ഖത്തറിൻെറ പൊതുഗതാഗതത്തിൽ ഇലക്​ട്രിക്​ ബസുകൾ നിർണായക സാന്നിധ്യമായി മാറുമെന്നും മന്ത്രി ജാസിം ബിൻ സെയ്​ഫ്​ അൽ സുലൈതി പറഞ്ഞു. ലോകകപ്പിന്​ മുന്നോടിയായി രാജ്യവ്യാപകമായി പൊതുഗതാഗത സംവിധാനത്തിൻെറ ലഭ്യത ഉറപ്പാക്കുകയാണ്​ മന്ത്രാലയത്തിൻെറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ചാർജിങ്​ സ്​റ്റേഷൻെറ ഉദ്​ഘാടനച്ചടങ്ങിൽ ലോകകപ്പ്​ സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ്​​ ലെഗസി സെക്രട്ടറി ഹസ്സൻ അബ്​ദുല്ല അൽ തവാദി, 'അഷ്​ഗാൽ' പ്രസിഡൻറ്​ ജനറൽ ഡോ. എൻജിനീയർ സാദ്​ ബിൻ അഹ്​മദ്​ അൽ മുഹന്നദി, ഖത്തർ ജനറൽ ഇലക്​ട്രിസിറ്റി -ആൻഡ്​​ വാട്ടർ കോർപറേഷൻ (കഹറാമ) പ്രസിഡൻറ്​ എൻജിനീയർ ഈസ്സ ബിൻ ഹിലാൽ അൽ കുവാരി, ചൈന അംബാസിഡർ സു ജിയാൻ എന്നിവർ പ​ങ്കെടുത്തു. ഇലക്ട്രിക് കാറുകൾക്കായുള്ള രാജ്യത്തെ ഏറ്റവും വേഗതയേറിയ ചാർജർ കഹ്റമ (ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ) കഴിഞ്ഞ ദിവസം കതാറയിൽ സ്​ഥാപിച്ചിരുന്നു.

Tags:    
News Summary - Public transport without pollution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.