ദോഹ: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെതിരെ പൊലീസ് നടത്തിയ അതിക്രമത്തെ ഒ.ഐ.സി.സി ഇൻകാസ് ഖത്തർ ശക്തമായി അപലപിച്ചു. നിയമലംഘനം നടത്തിയ പൊലീസുകാരെ ഉടൻ സർവിസിൽനിന്നും നീക്കംചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു. സംഭവത്തിൽ ധീരമായി പ്രതിരോധം കാഴ്ചവെച്ച സുജിത്തിനും, സംഭവത്തെ പൊതുജനശ്രദ്ധയിൽ എത്തിക്കാൻ നേതൃത്വം നൽകിയ വർഗീസ് ചൊവ്വന്നൂരിനും സംഘടന അഭിവാദ്യമർപ്പിച്ചു. അവരുടെ ധൈര്യവും ഉറച്ച നിലപാടും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രചോദനകരമായ മാതൃകയാണ്. ഇത്തരത്തിലുള്ള അക്രമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും സമരത്തിന് ഒ.ഐ.സി.സി ഇൻകാസ് ഖത്തറിന്റെ പിന്തുണ ഉണ്ടാകുമെന്നും ആക്ടിങ് പ്രസിഡന്റ് ജൂട്ടാസ് പോൾ പ്രസ്താവനയിൽ വ്യക്തമാക്കി. നീതി ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ നിയമസഹായവും കെ.പി.സി.സി നേതൃത്വത്തോടും തൃശൂർ ഡി.സി.സിയുമായും സഹകരിച്ച് നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുജിത്തിന് നീതി ലഭ്യമാക്കുന്നതിനും, കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിനും ആവശ്യമായാൽ സുപ്രീംകോടതി വരെ പോകാനും സംഘടന തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.