ദോഹ: ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ പ്രൊഫലൈറ്റ് പ്രഫഷണൽ കോൺഫറൻസ് സംഘടിപ്പിക്കുന്നു. പ്രഫഷനൽ ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ മൂലമുള്ള പിരിമുറുക്കങ്ങൾക്കിടയിൽ വ്യക്തി ജീവിതത്തിലെ മൂല്യങ്ങൾ നിലനിർത്താനാവശ്യമായ പാഠങ്ങൾ പകർന്നുനൽകുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം. നവംബർ 27 വ്യാഴം വൈകീട്ട് 7 മണിക്ക് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വി.ഐ.പി റിക്രിയേഷൻ ഹാളിൽ പരിപാടി നടക്കും. പ്രമുഖ പ്രഭാഷകൻ താജുദ്ദീൻ സ്വലാഹി പങ്കെടുക്കുന്ന പരിപാടിയിൽ ‘എ.ഐ കാലഘട്ടത്തിലെ നൈതിക നിലപാടുകൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
കൃത്രിമ ബുദ്ധിയുടെ വേഗത്തിലുള്ള വളർച്ച തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക ബന്ധങ്ങൾ തുടങ്ങി അനവധി മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
എന്നാൽ, ഈ സാങ്കേതിക പുരോഗതി മനുഷ്യന്റെ മൂല്യങ്ങളും മതാധിഷ്ഠിതമായ ഉത്തരവാദിത്തങ്ങളും സംരക്ഷിക്കപ്പെടുന്ന രീതിയിൽ മുന്നോട്ട് കൊണ്ടുപോകേണ്ടത് അത്യാവശ്യമാണ്. സ്വകാര്യത, നീതി, ഉത്തരവാദിത്വം, മനുഷ്യകേന്ദ്രിത സമീപനം എന്നിവ ഉറപ്പാക്കുന്ന നൈതിക നിലപാടുകൾ സ്വീകരിക്കുമ്പോഴാണ് എ.ഐ. കാലഘട്ടം മനുഷ്യർക്കു അനുഗ്രഹകരമാകുന്നത്. പ്രവാസജീവിതത്തിൽ പ്രഫഷനലുകൾക്ക് ഇത്തരം ചിന്തകൾ ഏറെ പ്രസക്തമാണ്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും 6000 4485 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.